16കാരിയെ പീഡിപ്പിച്ച യുവാവിന് 42 വർഷം തടവും പിഴയും
text_fieldsകാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വാടക ക്വാർട്ടേഴ്സിലെത്തിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 42 വർഷം തടവും 3,I0,000 രൂപ പിഴയും ശിക്ഷ. മടിക്കൈ കണ്ടംകുട്ടിച്ചാലിലെ കൃപാനിവാസിൽ എബിൻ ജോസഫ് പവിത്രനെയാണ് (30) ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കിൽ ഒരുവർഷവും ഒരുമാസവും അധിക തടവുകൂടി അനുഭവിക്കണം. ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക് സ്പെഷൽ കോടതി ജഡ്ജി പി.എം. സുരേഷാണ് ശിക്ഷ വിധിച്ചത്. 2022 ഫെബ്രുവരി മുതൽ 2023 ഫെബ്രുവരി മാസം വരെയുള്ള പല ദിവസങ്ങളിലാണ് പ്രതി 16കാരിയെ പീഡിപ്പിച്ചത്. വിവാഹിതനാണെന്നകാര്യം മറച്ചുവെച്ച് സ്നേഹം നടിച്ച് പെൺകുട്ടിയെ പ്രതി താമസിക്കുന്ന വാടക ക്വാർട്ടേഴ്സിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയത്. ക്വാർട്ടേഴ്സിലേക്ക് വന്നില്ലെങ്കിൽ പുറത്തുപറയുമെന്ന് പറഞ്ഞ് കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.
ശിക്ഷാനിയമം 506 (1) പ്രകാരം രണ്ടു വർഷം സാധാരണ തടവും 10,000 രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ ഒരുമാസം അധിക തടവും 376(3) പ്രകാരം 20 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ ആറു മാസം അധിക തടവും പോക്സോ ആക്ട് പ്രകാരം 20 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ ആറുമാസം അധിക തടവിനുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി.
നീലേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതിവിധി. കേസിന്റെ ആദ്യ അന്വേഷണം നടത്തിയത് അന്നത്തെ ഇൻസ്പെക്ടർ കെ.പി. ശ്രീഹരിയായിരുന്നു.
അന്വേഷണം പൂർത്തീകരിച്ച് പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് ഇൻസ്പെക്ടർ കെ. പ്രേംസദനാണ്. പ്രോസിക്യൂഷനുവേണ്ടി ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.