കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമിച്ച റേഷൻ ധാന്യങ്ങൾ പിടികൂടിയ സംഭവം: മൂന്നുപേർ റിമാൻഡിൽ
text_fieldsമട്ടാഞ്ചേരി: കരിഞ്ചന്തയിൽ മറിച്ചുവിൽക്കാൻ ശ്രമിച്ച റേഷൻ ധാന്യങ്ങൾ പൊലീസ് പിടികൂടിയ സംഭവത്തിൽ മൂന്നുപേർ റിമാൻഡിലായി. എ.ആർ.ഡി 44 നമ്പർ റേഷൻ കടയിലെ സെയിൽസ് മാൻ ഫോർട്ട്കൊച്ചി തുരുത്തി സ്വദേശി സുനിൽബാബു(46), ഇയാളുടെ സഹായികളായ കൽവത്തി പാതിയാശ്ശേരി വീട്ടിൽ ഷുഹൈബ്(30) , ചിരട്ടപ്പാലം കളത്തിപറമ്പിൽ വീട്ടിൽ രാകേഷ്(21) എന്നിവരാണ് റിമാൻഡിലായത്.
ചുള്ളിക്കലിലെ സംഭരണകേന്ദ്രത്തിൽനിന്ന് വാഹനത്തിൽ കയറ്റി കൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് റേഷൻ ധാന്യങ്ങൾ പൊലീസ് പിടികൂടിയത്. മിനിലോറിയിൽനിന്നും അതോടൊപ്പം സംഭരണകേന്ദ്രത്തിൽനിന്നുമായി 74 ചാക്ക് കുത്തരി, 11 ചാക്ക് ഗോതമ്പ്, 19 ചാക്ക് പുഴുക്കലരി എന്നിവയാണ് പൊലീസ് പിടിച്ചെടുത്തത്.
ചാക്കിലേക്ക് റേഷൻ ധാന്യങ്ങൾ പകർത്താനുള്ള യന്ത്രവും പൊലീസ് പിടിച്ചെടുത്തു. കൽവത്തിയിൽ എ.ആർ.ഡി 44 റേഷൻ കടയുടെ സെയിൽസ്മാനാണ് സംഭരണകേന്ദ്രം നടത്തുന്നതെന്നതിനാൽ ഈ റേഷൻ കടയിലും റേഷനിങ് അധികൃതരും പൊലീസും പരിശോധന നടത്തി അധിക സ്റ്റോക്കുണ്ടെന്ന് കണ്ടെത്തി.
2928 കിലോ കുത്തരി, 496 കിലോ ഗോതമ്പ്, 904 കിലോ പുഴുക്കലരി എന്നിവയാണ് ഇവിടെ അധികമുണ്ടായതായി കണ്ടെത്തിയത്. തുടർന്ന് ഈ കടയുടെ ലൈസൻസ് താൽക്കാലികമായി ഭക്ഷ്യവകുപ്പ് സസ്പെൻഡ് ചെയ്തു. കെ.എം. ഉസ്മാൻ എന്നയാളുടെ പേരിലാണ് ലൈസൻസെങ്കിലും സെയിൽസ്മാനായ സുനിൽ ബാബുവാണ് ഇത് നടത്തുന്നത്. ഇയാൾ മറ്റ് ചില ലൈസൻസികളുടെ കടകൂടി നടത്തുന്നുണ്ടെന്നും അധികൃതർക്ക് വിവരം ലഭിച്ചിട്ടുണ്ട്.
സിവിൽ സപ്ലൈസ് കമീഷണറുടെ നിർദേശപ്രകാരം ജില്ല സപ്ലൈ ഓഫിസറുടെ നേതൃത്വത്തിൽ അഞ്ച് സ്ക്വാഡിലായി തിരിഞ്ഞ് കൊച്ചി സിറ്റി റേഷനിങ് ഓഫിസ് പരിധിയിലെ റേഷൻ കടകളിൽ ചൊവ്വാഴ്ച പരിശോധന നടത്തി. പെരുമ്പാവൂർ, പറവൂർ, കണയന്നൂർ താലൂക്ക് സപ്ലൈ ഓഫിസർമാരുടെയും എറണാകുളം സിറ്റി റേഷനിങ് ഓഫിസറുടെയും നേതൃത്വത്തിലായിരുന്നു മറ്റ് സ്ക്വാഡുകളുടെ പരിശോധന നടന്നത്.
ഭക്ഷ്യവകുപ്പ് അധികൃതർക്ക് നിസ്സംഗതയെന്ന്
മട്ടാഞ്ചേരി: റേഷൻ ഭക്ഷ്യധാന്യങ്ങൾ കരിഞ്ചന്തയിൽ വൻതോതിൽ വിൽപന നടക്കുമ്പോഴും ഭക്ഷ്യവകുപ്പ് അധികൃതർ നിസ്സംഗതയിലെന്ന് ആക്ഷേപം.
ഒരു മാസത്തിനുള്ളിൽ മട്ടാഞ്ചേരിയിൽ രണ്ട് കേന്ദ്രത്തിൽനിന്നാണ് റേഷൻ ഭക്ഷ്യധാന്യങ്ങൾ പിടികൂടിയത്. അധികൃതരുടെ പിന്തുണയോടെയാണ് ഇതെല്ലാം നടക്കുന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. രണ്ട് കേസിലും പ്രതികൾ റിമാൻഡിലാകുകയും ചെയ്തു. പൊലീസിന്‍റെ ശക്തമായ ഇടപെടലാണ് നൂറുകണക്കിന് ചാക്ക് റേഷൻ ധാന്യങ്ങൾ പിടികൂടാൻ കഴിഞ്ഞത്.
റേഷനിങ് അധികൃതർ കടയുടമകൾക്ക് അനുകൂല നടപടികൾ എടുക്കാൻ ശ്രമിച്ചതായ ആരോപണവും ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പൊതുവിതരണത്തിനുള്ള ചാക്കുകളിലല്ല ധാന്യങ്ങൾ കണ്ടെത്തിയതെന്ന റിപ്പോർട്ടാണ് റേഷനിങ് അധികൃതർ പൊലീസിന് നൽകിയിട്ടുള്ളതെന്നാണ് അറിയുന്നത്. ഇത് കുറ്റക്കാരെ രക്ഷിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണെന്ന ആക്ഷേപത്തിന് ഇടയാക്കിയിട്ടുണ്ട്. അതേസമയം, റേഷൻ കരിഞ്ചന്തക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് മട്ടാഞ്ചേരി അസി. കമീഷണർ വി.ജി. രവീന്ദ്രനാഥ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.