ലൈംഗിക പീഡനക്കേസിൽ ഗായകൻ ആർ. കെല്ലി കുറ്റക്കാരനെന്ന് കണ്ടെത്തി
text_fieldsന്യൂയോർക്ക്: ലൈംഗിക പീഡനക്കേസിൽ യു.എസ് ഗായകൻ ആർ. കെല്ലി കുറ്റക്കാരനാണെന്ന് കണ്ടെത്തി. സെക്സ് റാക്കറ്റിങ് അടക്കം കെല്ലിക്കെതിരെ ചുമത്തിയ ഒമ്പത് കുറ്റങ്ങളും തെളിഞ്ഞതായി ന്യൂയോർക്ക് കോടതിയിലെ ഏഴംഗ ജൂറി വിധിച്ചു. സ്ത്രീകൾക്കുനേരെയുള്ള ലൈംഗികാതിക്രമം, ബാലലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ തുടങ്ങി നിരവധി കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരുന്നത്.
1999 മുതൽ 20 വർഷം കെല്ലി സെക്സ് റാക്കറ്റ് പ്രവർത്തിപ്പിച്ച് വരികയായിരുന്നുവെന്നായിരുന്നു കണ്ടെത്തിയത്. സ്ത്രീകളെയും കുട്ടികളെയും നിയമപരമല്ലാതെ ലൈംഗികവൃത്തിക്ക് ഉപയോഗിക്കൽ, തട്ടിക്കൊണ്ടുപോകൽ, നിർബന്ധിച്ച് ജോലി ചെയ്യിപ്പിക്കൽ തുടങ്ങി നിരവധി കുറ്റങ്ങളാണ് ഇയാൾക്ക് മേൽ ചുമത്തിയിരുന്നത്.
കെല്ലിക്ക് ജീവപര്യന്തം ശിക്ഷ വരെ ലഭിച്ചേക്കുമെന്നാണ് വിവരം. മേയ് നാലിനാണ് വിധി പറയുക. നിരാശാജനകമാണ് വിധിയെന്നും അപ്പീലിന് പോകുന്നതിനെ കുറിച്ച് ആേലാചിക്കുന്നതായും കെല്ലിയുടെ അഭിഭാഷകൻ ദേവറക്സ് കാനിക്ക് പറഞ്ഞു. ഇല്ലിനോയിസ് ഫെഡറൽ കോടതിയിൽ ഉൾപ്പെടെ മൂന്ന് കോടതികളിൽ കൂടി കെല്ലി ഇപ്പോഴും വിചാരണ നേരിടുന്നുണ്ട്.
കെല്ലിക്ക് പെൺകുട്ടികളെ കണ്ടെത്താനും അവരെ അടിമകളെപ്പോലെ കൂടെ നിർത്താനും മാനേജർമാരും സഹായികളും പ്രവർത്തിച്ചിരുന്നെന്നും ഇത് ഒരു ക്രിമിനൽ സംരംഭത്തിന് തുല്യമാണെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു.
2019 ജനുവരിയിൽ ഒരു ചാനലില്‍ സംപ്രേഷണം ചെയ്ത 'സര്‍വൈവിങ് ആര്‍. കെല്ലി' എന്ന ഡോക്യുമെന്‍ററിയിലൂടെയാണ് ഇരകള്‍ തുറന്നുപറച്ചിലുകള്‍ നടത്തിയത്. ആറ് ഭാഗങ്ങളായി സംപ്രേഷണം ചെയ്ത ഡോക്യുമെന്‍ററിയില്‍ വര്‍ഷങ്ങളായി കെല്ലിയില്‍ നിന്ന് പീഡനം ഏല്‍ക്കേണ്ടി വന്നു എന്ന് നിരവധി സ്ത്രീകള്‍ വെളിപ്പെടുത്തി.
ആർ ആൻഡ് ബി സംഗീതമേഖലയിലെ ഏറ്റവും മുൻനിര ഗായകനായ കെല്ലി നിരവധി സ്ത്രീകളെ പീഡിപ്പിച്ചിരുന്നു എന്ന് ഡോക്യുമെന്‍ററിയിൽ പറയുന്നു. അന്തരിച്ച ഗായികയും കെല്ലിയുടെ ആദ്യ ഭാര്യയുമായിരുന്ന ആലിയക്ക് കെല്ലിയിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങളും വിശദീകരിക്കുന്നുണ്ട്. 1994ൽ 27 വയസുള്ളപ്പോഴാണ് 15കാരിയായിരുന്ന ആലിയയെ കെല്ലി വിവാഹം കഴിച്ചത്. ഒരുവർഷം മാത്രം നീണ്ടുനിന്ന ദാമ്പത്യത്തിന് ശേഷം ഇരുവരും വേർപിരിഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.