ആർ.ഡി.ഒ കോടതിയിലെ തൊണ്ടിമുതൽ മോഷണം: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു
text_fieldsതിരുവനന്തപുരം: കലക്ടറേറ്റിലെ ആർ.ഡി.ഒ കോടതിയിൽ നിന്ന് തൊണ്ടിമുതലുകൾ കാണാതായ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. കേസിന്‍റെ ഗൗരവം പരിഗണിച്ച അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാൻ സർക്കാർ തീരുമാനിച്ചത്. കുറ്റകൃത്യത്തിന്‍റെ വ്യാപ്തി വലുതാണെന്നും പിന്നിൽ വൻ ഗൂഢാലോചനയും ആസൂത്രണവും നടന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥനായ പേരൂർക്കട എസ്.എച്ച്.ഒ കഴിഞ്ഞ ദിവസം സിറ്റി പൊലീസ് കമീഷണർക്ക് റിപ്പോർട്ട് നൽകിയിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
തൊണ്ടിമുതലുകൾ കാണാതായ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ തിരിച്ചറിഞ്ഞതായി സബ്‌കലക്ടർ എം.എസ്. മാധവിക്കുട്ടി കലക്ടർ നവ്‌ജ്യോത് ഖോസക്ക് കൈമാറിയ ഇടക്കാല റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. തൊണ്ടിമുതലുകൾ സൂക്ഷിച്ചിരുന്ന ചെസ്റ്റിൽ നിന്ന് നഷ്ടപ്പെട്ട സ്വർണവുമായി സാമ്യമുള്ള ആഭരണങ്ങൾ ഇയാൾ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയപ്പെടുത്തിയതായി കണ്ടെത്തി. അത് പരിശോധിച്ചതോടെയാണ് ഉന്നത ഉദ്യോഗസ്ഥസമിതി പ്രതിയിലേക്കെത്തിയിരിക്കുന്നത്.
തുടർനടപടികൾക്കായി തെളിവുകൾ പേരൂർക്കട പൊലീസിന് കൈമാറി. പ്രതിയെന്ന് സംശയിക്കുന്ന ഉദ്യോഗസ്ഥൻ ജോലി ചെയ്‌തിരുന്ന കാലത്ത് സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി സൂചനകൾ ലഭിച്ചിരുന്നു. പൊലീസിന്‍റെ അന്വേഷണത്തിലും ഇക്കാര്യങ്ങൾ വ്യക്തമായിരുന്നു. സംശയനിഴലിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ബാങ്ക് അക്കൗണ്ടുകളും സ്വർണ പണയ ഇടപാടുകളും പരിശോധിച്ചപ്പോഴാണ് ഒരാളുടെ പണയ ഇടപാടിൽ അന്വേഷണസംഘത്തിന്‍റെ ശ്രദ്ധ പതിഞ്ഞത്. തുടർന്ന് ഈ കാലയളവിൽ ഇയാൾ നടത്തിയ പണയ ഇടപാടുകളെല്ലാം പരിശോധിച്ചു.
നാലു തവണയായി വെച്ച തൊണ്ടിമുതലാണ് ഇതിനകം തിരിച്ചറിഞ്ഞത്. അഞ്ച് ലക്ഷത്തോളം രൂപക്ക് ഈ സ്വർണം പണയപ്പെടുത്തിയതായി വ്യക്തമായിട്ടുണ്ട്. സംശയംതോന്നി ഇയാളെ ചോദ്യംചെയ്‌തപ്പോൾ നൽകിയ മൊഴികളിലും വൈരുദ്ധ്യം കണ്ടെത്തി. കൂടുതൽ ചോദ്യംചെയ്യലിൽ പ്രതിയെ തിരിച്ചറിഞ്ഞതായാണ് റിപ്പോർട്ടിൽ പറയുന്നത്. ഇയാൾ കൂടുതൽ ബാങ്കുകളിൽ പണയം വെച്ചിട്ടുണ്ടോ, സ്വർണം വിൽപന നടത്തിയിട്ടുണ്ടോ, മറ്റാർക്കെങ്കിലും ഇടപാടിൽ പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കണമെന്നും ഇടക്കാല റിപ്പോർട്ടിൽ നിർദേശിച്ചിട്ടുണ്ട്.
വിവിധ കാലയളവിലായി സൂക്ഷിച്ച 105 പവൻ സ്വർണാഭരണങ്ങൾ നഷ്ടമായെന്നാണ് അന്വേഷണസമിതി കണ്ടെത്തിയിരിക്കുന്നത്. 30 പവനോളം മുക്കുപണ്ടങ്ങൾ കണ്ടെത്തിയതുൾപ്പെടെ 140 പവനോളം സ്വർണം നഷ്ടെപ്പട്ടതായാണ് പൊലീസിന്‍റെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.