ശബരിമല ദർശനത്തിന് ഐ.ജി ലക്ഷ്മൺ പണം വാങ്ങിയതായി റിപ്പോർട്ട്; പണം പിരിക്കാൻ ഒാഫീസ് തുറന്നു
text_fieldsതിരുവനന്തപുരം: മോന്സൺ കേസിൽ സസ്പെൻഷനിലായ ഐ.ജി ലക്ഷ്മൺ ശബരിമല ദർശനത്തിനായി ഇതര സംസ്ഥാന ഭക്തരിൽനിന്ന് വ്യാപകമായി പണം വാങ്ങിയെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്. ഇതിനായി ഹൈദരാബാദിൽ ഓഫിസ് തുറന്നതായി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടും നടപടി എടുക്കാതെ പൊലീസ് ആസ്ഥാനത്ത് ഒതുക്കിത്തീർക്കുകയായിരുന്നു. ഒന്നാം പിണറായി സർക്കാറിന്റെ ശബരിമല തീർഥാടന കാലത്താണ് ദർശനത്തിനായി പണം വാങ്ങുന്ന കാര്യം ഉന്നത ഉദ്യോഗസ്ഥർ അറിയുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അതിഥികളും ബന്ധുക്കളുമെത്തുമ്പോള് ശബരിമലയിലെ ഡ്യൂട്ടിലുള്ള പൊലീസ് ഉദ്യോഗസ്ഥരോട് ദർശന സൗകര്യമൊരുക്കാൻ പറയുക പതിവാണ്.
പക്ഷേ, ഐ.ജി ലക്ഷ്മണിെൻറ അതിഥികളായി നിരവധിപ്പേർ ഓരോ ദിവസവും ശബരിമല ദർശനത്തിനെത്തിയതോടെയാണ് സംശയം തുടങ്ങിയത്. ശബരിമലയിലുള്ള സ്പെഷൽ ഓഫിസർമാർ ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. സ്പെഷൽ ബ്രാഞ്ചും അന്വേഷിച്ചു.
ഹൈദരാബാദില്‍ ദർശനത്തിന് സൗകര്യമൊരുക്കാന്‍ ഓഫിസ് തന്നെ തുടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇതിന് പിന്നിൽ ലക്ഷ്മണാണെന്ന വിവരവും ആഭ്യന്തരവകുപ്പിനും ഉന്നത ഉദ്യോഗസ്ഥർക്കും ലഭിച്ചു. 10,000 രൂപ മുതൽ ഒരാളിൽനിന്ന് വാങ്ങിയെന്ന വിവരവും ലഭിച്ചു. അന്നത്തെ ആഭ്യന്തര സെക്രട്ടറി ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ മുൻ പൊലീസ് മേധാവി ബെഹ്റയോട് ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ, കാര്യമായ അന്വേഷണമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.