തൊഴിലാളികൾക്ക് ശമ്പളം നൽകാൻ പണമില്ല; അയൽവാസിയെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ടു, ഹോട്ടലുടമ പിടിയിൽ
text_fieldsഗാന്ധിനഗർ: ജീവനക്കാർക്ക് ശമ്പളം നൽകാൻ പണമില്ലാത്തതിനാൽ അയൽവാസിയെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട സംഭവത്തിൽ ഹോട്ടലുടമ പിടിയിൽ. ഗുജറാത്തിലെ ഗാന്ധിനഗറിൽ ഹോട്ടൽ നടത്തുന്ന മിഥുൽ പട്ടേലാണ് (35) പൊലീസിന്‍റെ പിടിയിലായത്. സംഭവത്തിൽ ഹോട്ടൽ ജീവനക്കാരായ നാല് പേർക്കെതിരെയും പൊലീസ് കേസെടുത്തു.
മിഥുൽ ഗാന്ധിനഗറിലെ കലോളിൽ ഹോട്ടൽ നടത്തിവരികയായിരുന്നു. സാമ്പത്തിക പ്രയാസങ്ങൾ കാരണം ഹോട്ടലിലെ ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിഞ്ഞിരുന്നില്ല. അയൽവാസിയെ തട്ടിക്കൊണ്ടുപോയ ശേഷം മോചനദ്രവ്യമായി ആവശ്യപ്പെടുന്ന പണം ഉപയോഗിച്ച് ശമ്പളം കൊടുക്കാനായിരുന്നു പ്രതിയുടെ പദ്ധതിയെന്ന് പൊലീസ് പറഞ്ഞു.
സമീപത്തെ സ്കൂളിൽ അധ്യാപികയായ അൽക റസ്തോഗിയെയാണ് മിഥുലും സംഘവും തട്ടിക്കൊണ്ടുപോയത്. അൽക വീട്ടിൽ തനിച്ചാണെന്ന് മനസ്സിലാക്കിയ പ്രതികൾ, സോളാർ പാനൽ പരിശോധിക്കാനെന്ന വ്യജേന പ്രതികളിലൊരാളായ സൗരഭ് കുമാർ വീട്ടിൽ കയറുകയായിരുന്നു. പിന്നാലെ മറ്റ് പ്രതികൾ അതിക്രമിച്ചു കയറുകയും യുവതിയെ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോകുകയുമായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഭർത്താവ് പ്രദീപ് ഭാര്യയെ കാൺമാനില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു.
അന്വേഷണത്തിനായി പൊലീസ് സംഘം പ്രദീപിന്‍റെ വീട്ടിലെത്തിയ വിവരമറിഞ്ഞതോടെ മിഥുലും സമഘവും അൽകയെ ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. സമീപത്തെ കടയുടമയുടെ സഹായത്തോടെ ഭർത്താവിനെ വിവരമറിയിച്ച ശേഷം ദമ്പതികൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനം മിഥുലിന്‍റേതാണെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.