റേഷൻ കടയിൽനിന്ന് അരി കടത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു
text_fieldsപഴയന്നൂർ: റേഷൻ കടയിൽനിന്ന് അരി കടത്താനുള്ള സെയിൽസ്മാന്റെ ശ്രമം നാട്ടുകാരുടെ ഇടപെടൽ മൂലം വിഫലമായി. നാലു ചാക്കുകളിലായി പെട്ടി ഓട്ടോയിൽ കയറ്റിയ 200 കിലോ മട്ട അരി നാട്ടുകാർ കൈയോടെ പിടികൂടി. ലൈസൻസി കല്ലേപ്പാടം വടക്കൂട്ട് സജിതയുടെ വെള്ളാർകുളത്തുള്ള എ.ആർ.ഡി 232ാം നമ്പർ റേഷൻ കടയിൽ നിന്നാണ് അരി കടത്ത് പിടികൂടിയത്. ഇതോടൊപ്പം കടക്കുള്ളിൽ 16 ചാക്ക് അരി മാറ്റി നിറച്ചു കെട്ടിവെച്ച നിലയിലും കണ്ടെത്തി.
ലൈസൻസിയായ സജിത കടയിലുണ്ടായിരുന്നില്ല. വിൽപനക്കാരൻ പുത്തിരിത്തറ കളത്തിൽത്തൊടി മൊയ്തുവാണ് കട നടത്തുന്നത്. ഇയാളാണ് വെള്ളിയാഴ്ച ഉച്ചയോടെ അരി കടത്താൻ ശ്രമിച്ചത്. ബി.ജെ.പി മണ്ഡലം സെക്രട്ടറി പി. കൃഷ്ണകുമാർ അറിയിച്ചതിനെ തുടർന്ന് പൊലീസും പിന്നീട് റേഷനിങ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ 520 കിലോയോളം മട്ട അരി അധികവും 64 കിലോ പുഴുക്കലരിയുടെ കുറവും കണ്ടെത്തി. റേഷൻ അരിയിൽ തിരിമറി നടന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തിയതിനെ തുടർന്ന് താൽക്കാലികമായി റേഷൻ കടയുടെ പ്രവർത്തനം മറ്റൊരു കടയിലേക്ക് മാറ്റി. വാഹനത്തിൽ കടത്താൻ ശ്രമിച്ച അരിയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഈ കടയിലേക്ക് മാറ്റി. ആവശ്യപ്പെടുമ്പോൾ ഹാജറാക്കണമെന്ന നിർദേശത്തോടെ റേഷൻ കടത്തിയ വാഹനം ഉടമക്ക് വിട്ടുനൽകി. താലൂക്ക് സപ്ലൈ ഓഫിസർ ഇൻ ചാർജ് സാബു പോൾ തട്ടിൽ, റേഷനിങ് ഇൻസ്പെക്ടർമാരായ റീന വർഗീസ്, ടി.എസ്. രതീഷ്, കെ.വി. വിജി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
റേഷൻ കടയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
പഴയന്നൂർ: കരിഞ്ചന്തയിലേക്ക് അരി കടത്തുന്നത് പിടികൂടിയ പഴയന്നൂർ വെള്ളാർകുളത്തെ എ.ആർ.ഡി 232ാം നമ്പർ റേഷൻ കടയുടെ ലൈസൻസ് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തതായി ജില്ല സപ്ലൈ ഓഫിസർ പി.ആർ. ജയചന്ദ്രൻ അറിയിച്ചു. താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയതിനെ തുടർന്നാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.