സ്ത്രീകളെ ആക്രമിച്ച് കവർച്ച നടത്തുന്ന 'റിപ്പർ സുരേന്ദ്രൻ' പിടിയിൽ
text_fieldsകയ്പമംഗലം: സ്ത്രീകളെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർച്ച നടത്തുന്ന പ്രതിയെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. റിപ്പർ സുരേന്ദ്രൻ(43) എന്ന വെള്ളാങ്കല്ലൂർ നടവരമ്പ് സ്വദേശി അത്തക്കുടത്ത് പറമ്പിൽ സുരേന്ദ്രനെയാണ് തൃശൂർ റൂറൽ എസ്.പി ജി. പൂങ്കുഴലിയുടെ നിർദ്ദേശപ്രകാരം കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കരെൻറ നേതൃത്വത്തിൽ കയ്പമംഗലം എസ്.ഐ കെ.ജെ. ജിനേഷും സംഘവും അറസ്റ്റ് ചെയ്തത്.
ചെന്ത്രാപ്പിന്നി കണ്ണംപുള്ളിപ്പുറം സ്വദേശി മാരാത്ത് ശശിധരെൻറ ഭാര്യ രാധയെ ആക്രമിച്ച് സ്വർണാഭരണം കവർന്ന കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മാർച്ച് 23 നാണ് കേസിനാസ്പദമായ സംഭവം. രാവിലെ ആറു മണിയോടെ ശശിധരൻ നടക്കാൻ പോയ സമയത്ത് പ്രതി വീടിനകത്ത് കയറി ശശിധരെൻറ ഭാര്യ രാധയെ വടിവാൾ കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച് അഞ്ചു പവൻ സ്വർണമാല കവരുകയായിരുന്നു. രാധയുടെ മുഖത്തും കയ്യിലും സാരമായി പരിക്കേറ്റിരുന്നു.
സംഭവത്തെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ സംഭവസ്ഥലത്ത് നിന്ന് കിട്ടിയ വടിവാളും, രണ്ട് സ്ക്രൂകളുമാണ് കേസിൽ വഴിത്തിരിവായത്. തുടർന്ന് സംശയമുള്ളവരെക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് സുരേന്ദ്രനിലെത്തി ചേർന്നത്. പ്രതിയെ മതിലകത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. സംഭവ ദിവസം പുലർച്ചെ 2.30ന് നടവരമ്പിൽ നിന്നായിരുന്നു സുരേന്ദ്രൻ സൈക്കിളിൽ ചെന്ത്രാപ്പിന്നിയിലെത്തിയത്. പതിനേഴാം കല്ലിൽ സൈക്കിൾ വച്ച് നടന്നാണ് സുരേന്ദ്രൻ ശശിധരെൻറ വീടിന് സമീപമെത്തിയത്. വീടിന് മുന്നിലെ ആളൊഴിഞ്ഞ പറമ്പിലെ മോട്ടോർ ഷെഡിൽ മറഞ്ഞിരുന്ന പ്രതി, ശശിധരൻ നടക്കാൻ പോയ സമയത്ത് വീടിെൻറ ഗ്രിൽ വാതിൽ തുറന്ന് അകത്ത് കടന്ന് രാധയെ മാരകമായി ആക്രമിച്ച് പരിക്കേൽപ്പിച്ചാണ് സ്വർണം കവർന്നത്.
പ്രതിയുടെ കയ്യിൽ നിന്ന് വടിവാൾ പിടിച്ച് വാങ്ങി രാധ ശബ്ദം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. മരപ്പണിക്കാരനായ പ്രതി ഈ പ്രദേശങ്ങളിൽ ജോലിക്ക് വന്നിട്ടുണ്ട്. സാധാരണ മരപ്പണിക്കാർ ഉപയോഗിക്കുന്ന സ്ക്രൂകളാണ് സംഭവ സ്ഥലത്ത് നിന്ന് കിട്ടിയത്. ഇതാണ് അന്വേഷണം നിരവധി കേസുകളിൽ പ്രതിയായ സുരേന്ദ്രനിലേക്കെത്തിയത്. കൊലപാതകം, കവർച്ച, ജയിൽ ചാട്ടം ഉൾപ്പെടെ പത്തോളം കേസുകളിൽ പ്രതിയാണ് ഇയാൾ.
2007 ൽ പൊറത്തിശേരി സ്വദേശി 80 വയസുള്ള മറിയയെ കൊലപ്പെടുത്തി 11 പവൻ കവർന്ന കേസിലും, അന്തിക്കാട്, കാട്ടൂർ, ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ പരിധിയിൽ കവർച്ചക്കേസിലും, ഇരിങ്ങാലക്കുടയിലും, പേരമംഗലത്തും ജയിൽ ചാടിയ കേസിലും പ്രതിയാണ് സുരേന്ദ്രൻ. 2009 മുതൽ 2016 വരെ ജയിലിലായിരുന്ന സുരേന്ദ്രൻ ജയിലിൽ നിന്നിറങ്ങിയ ശേഷവും മോഷണം തുടർന്നു. പ്രായമായ സ്ത്രീകളെ ആക്രമിച്ചാണ് എല്ലായിടത്തും കവർച്ച നടത്തിയിട്ടുള്ളത്.
മരപ്പണിക്ക് പോകുന്ന സ്ഥലത്ത് വീടുകൾ നോക്കി വെച്ച് പുലർച്ചെയെത്തി വീട്ടുകാരെ ആക്രമിച്ച് മോഷണം നടത്തുന്നതാണ് പ്രതിയുടെ രീതി. മോഷണം നടത്തുന്ന ദിവസം ഭാര്യയുമായി വഴക്കുണ്ടാക്കി വീടിെൻറ ടെറസിലാണ് സുരേന്ദ്രൻ കിടന്നുറങ്ങാറ്. തുടർന്ന് പുലർച്ചെ മോഷണത്തിനിറങ്ങും. തലയ്ക്കടിച്ച് ആക്രമിച്ച് മോഷണം നടത്തുന്ന രീതിയായതുകൊണ്ടാണ് റിപ്പർ സുരേന്ദ്രൻ എന്ന പേരു വീണത്. സുര, സുരേഷ് എന്നും ഇയാൾക്ക് പേരുണ്ട്. പ്രതിയെ സംഭവസ്ഥലത്ത് കൊണ്ട് വന്ന് തെളിവെടുപ്പ് നടത്തി. സ്വർണവും, പ്രതി ഉപയോഗിച്ച സൈക്കിളും പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങും.
എസ്.ഐ.മാരായ പി. സുജിത്ത്, പാട്രിക്ക്, അബ്ദുൾ സത്താർ, പി.സി.സുനിൽ, എ.എസ്.ഐമാരായ സജിപാൽ, സി.കെ.ഷാജു, മുഹമ്മദ് അഷ്റഫ്, സി.ആർ.പ്രദീപ്, സി.പി.ഒമാരായ വിപിൻദാസ്, ദിലീപ്, തൗഫീഖ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.