വെള്ളിക്കൊലുസ് മോഷ്ടിക്കാനായി സ്ത്രീയെ കൊലപ്പെടുത്തി കാൽപാദങ്ങൾ മുറിച്ചുമാറ്റി
text_fieldsജയ്പൂർ: വെള്ളിക്കൊലുസ് മോഷ്ടിക്കാനായി സ്ത്രീയെ കൊലപ്പെടുത്തി കാലുകൾ മുറിച്ചുമാറ്റി. രാജസ്ഥാനിലെ രാജ്സമന്ദ് ജില്ലയിലാണ് നടുക്കുന്ന സംഭവം. 45കാരിയായ വീട്ടമ്മയാണ് കൊല്ലപ്പെട്ടത്.
കഴുത്തിനേറ്റ മാരക പരിക്കാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. ഇവർ അണിഞ്ഞിരുന്ന വെള്ളിക്കൊലുസ് മോഷ്ടിക്കാനായി മൃതദേഹത്തിന്‍റെ ഇരു കാൽപാദങ്ങളും മുറിച്ചുമാറ്റിയ നിലയിലായിരുന്നു.
കങ്കുബായി എന്ന വീട്ടമ്മയാണ് കൊല്ലപ്പെട്ടത്. കർഷകനായ ഭർത്താവിനുള്ള ഭക്ഷണവുമായി തിങ്കളാഴ്ച അതിരാവിലെ ഇവർ വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു. എന്നാൽ, കൃഷിയിടത്തിലേക്ക് ഇവർ എത്തിയില്ല.
വീട്ടിലെത്തിയ ഭർത്താവ് അന്വേഷിച്ചപ്പോഴാണ് കങ്കുബായിയെ കാണാനില്ലെന്നറിയുന്നത്. ബന്ധുക്കളും നാട്ടുകാരും ചേർന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് പാടത്ത് കൊല്ലപ്പെട്ട നിലയിൽ ഇവരെ കണ്ടെത്തിയത്. കൊലയാളിയെന്ന് സംശയിക്കുന്നയാളെ പിടികൂടിയതായും അറസ്റ്റ് ഉടനുണ്ടാകുമെന്നും പൊലീസ് പറഞ്ഞു.
നേരത്തെ ജയ്പൂരിലും സമാനമായ സംഭവമുണ്ടായിരുന്നു. പശുക്കളെ മേയ്ക്കാൻ പോയ സ്ത്രീയാണ് അന്ന് കൊല്ലപ്പെട്ടത്. ഇവരുടെ കാൽപാദങ്ങളും മുറിച്ചുമാറ്റി കൊലുസ് കവർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.