വിടാതെ കവർച്ചക്കാർ; ഭീതിയിൽ ജനങ്ങൾ
text_fieldsകണ്ണൂർ: ആളുകളെ ആക്രമിച്ചും വീട് കുത്തിത്തുറന്നുമുള്ള കവർച്ചകൾക്ക് അറുതിയില്ല. ഈ വർഷം ചെറുതും വലുതുമായ നൂറിലേറെ മോഷണങ്ങളാണ് ജില്ലയിൽ നടന്നത്. വെള്ളിയാഴ്ച പുലർച്ച പരിയാരം ചിതപ്പിലെ പൊയിലില്‍ വയോധികയെ കെട്ടിയിട്ട് ആഭരണങ്ങൾ കവർന്നതാണ് ഒടുവിലത്തെ സംഭവം. ആൾത്താമസമില്ലാത്തതും നിരീക്ഷണ കാമറകളോ സുരക്ഷ സംവിധാനങ്ങളോ ഇല്ലാത്ത വീടുകളാണ് കവർച്ചക്കാർ ലക്ഷ്യംവെക്കുന്നത്.
ഏറെക്കാലം നിരീക്ഷിച്ചശേഷമാണ് ഓരോ മോഷണവും നടപ്പാക്കുന്നത്. സ്വർണത്തിന് വില വർധിച്ച ശേഷമാണ് വീടുകളിൽ മോഷണം പെരുകിയത്. വീട്ടുകാർ ബന്ധുക്കളുടെ വീട്ടിലോ യാത്രയോ പോയശേഷമാണ് പല മോഷണങ്ങളും നടന്നത്. പരിയാരത്ത് ഡോ. ഷക്കീർ അലിയും ഭാര്യയും വീട്ടിലില്ലെന്ന് മനസിലാക്കിയാണ് മോഷ്ടാക്കൾ എത്തിയതെന്നാണ് സൂചന. ചിതപ്പിലെ പൊയിലിൽ തന്നെ സെപ്റ്റംബറിലും സമാന രീതിയിൽ മോഷണം നടന്നിരുന്നു. കുറച്ചുസമയം മാത്രം വീട്ടുകാർ പുറത്തുപോകുന്ന സമയത്തുപോലും കവർച്ച നടക്കുന്നത് ഇത്തരം സംഘങ്ങളുടെ ആസൂത്രണം എത്രമാത്രം ശക്തമാണെന്നതിന്റെ തെളിവാണ്.
വീടുകളിൽ മാത്രമല്ല, ക്ഷേത്രങ്ങളിലും കടകളിലും സ്കൂളുകളിലും മോഷണം നടക്കുന്നുണ്ട്. വീട്ടുകാരെ ആക്രമിച്ച് ആഭരണങ്ങൾ കവരുന്ന സംഭവങ്ങളും വർധിക്കുകയാണ്. പ്രഭാത നമസ്കാരത്തിന് അംഗശുദ്ധി വരുത്താൻ പുറത്തിറങ്ങിയപ്പോഴാണ് 2021 സെപ്റ്റംബറിൽ വാരം എളയാവൂരിലെ കെ.പി. ആയിഷയെ മോഷ്ടാവ് ആക്രമിച്ചത്. ആയിഷയുടെ ചെവി മുറിച്ചെടുത്താണ് സ്വര്‍ണക്കമ്മലുകള്‍ കവർന്നത്. അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയവെ മരിച്ചു.
സംഭവത്തിൽ അസം സ്വദേശിയാണ് പിടിയിലായത്. വെള്ളമെടുക്കാനും അലക്കിയ വസ്ത്രങ്ങളെടുക്കാനും രാത്രി പുറത്തിറങ്ങുന്ന വീട്ടമ്മമാരുടെ ആഭരണങ്ങൾ പിടിച്ചുപറിക്കുകയും പരിക്കേൽക്കുകയും ചെയ്ത സംഭവങ്ങൾ തലശ്ശേരിയിലും പന്തക്കലും പഴയങ്ങാടിയിലുമുണ്ടായി. 2018ൽ മാതൃഭൂമി ന്യൂസ് എഡിറ്റര്‍ വിനോദ് ചന്ദ്രനെയും ഭാര്യയെയും വീട്ടില്‍ അതിക്രമിച്ചുകയറി കെട്ടിയിട്ടു ക്രൂരമായി മര്‍ദിച്ചശേഷം അലമാര തകര്‍ത്ത് പണവും 25 പവനും മൂന്ന് മൊബൈല്‍ ഫോണും കവര്‍ന്നത് ബംഗ്ലാദേശ് സ്വദേശികളായിരുന്നു. വീട്ടുകാരെ ആക്രമിച്ച് നടത്തുന്ന കവർച്ചക്ക് പിന്നിൽ പലപ്പോഴും ഇതരസംസ്ഥാനക്കാരാണെന്നാണ് കണ്ടെത്തൽ.
തുമ്പ് കിട്ടാതെ പൊലീസ്
മൂന്നു വര്‍ഷത്തിനിടെ പരിയാരം പൊലീസ് പരിധിയില്‍ രണ്ടു ഡസനിലധികം കേസുകൾ ഉള്ളതായി നാട്ടുകാർ പറയുന്നു
പയ്യന്നൂർ: പരിയാരം, പയ്യന്നൂർ പൊലീസ് സ്റ്റേഷൻ പരിധികളിൽ നടക്കുന്ന കവർച്ച പരമ്പര നാടിന്റെ ഉറക്കം കെടുത്തുകയാണ്. നിരവധി കവർച്ചയും കവർച്ചാശ്രമങ്ങളും നടന്നിട്ടും പ്രതികളെ കണ്ടെത്താനാവാതെ പൊലീസ് ഇരുട്ടിൽ തപ്പുകയാണെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ മാസം 29 ന് ചിതപ്പിലെ പൊയിലിൽ പളുങ്ക് ബസാറിലെ മാടാളന് അബ്ദുല്ലയുടെ വീട്ടില്‍ നടന്ന സമാന രീതിയിലുള്ള കവര്‍ച്ചയുടെ അന്വേഷണം നടക്കുന്നതിനിടയിൽ തന്നെയാണ് ചിതപ്പിലെ പൊയിലിലെ വീട്ടിലും കവർച്ച നടന്നത്. ഒരേ സംഘം തന്നെയാണ് കവര്‍ച്ചക്ക് പിന്നിലെന്നാണ് പൊലീസ് നിഗമനം.
കഴിഞ്ഞ മാസം 29 ന് നബിദിനത്തില്‍ വീട്ടുകാര്‍ പള്ളിയില്‍ പോയ സമയത്താണ് കവര്‍ച്ച നടന്നത്. ഇവിടെ നിന്ന് 25 പവനും 18,000 രൂപയുമാണ് മോഷണം പോയത്. ഈ കേസിന്റെ അന്വേഷണത്തിനിടയിൽ അതേ സ്ഥലത്തുതന്നെ പുതിയ മോഷണം നടത്തി പൊലീസിനെയും നാട്ടുകാരെയും ഒരുപോലെ ഞെട്ടിക്കുകയായിരുന്നു മോഷ്ടാക്കള്‍. പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കാത്തതിനെതിരെ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഏഴിന് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.
മൂന്നു വര്‍ഷത്തിനിടിയില്‍ പരിയാരം പൊലീസ് പരിധിയില്‍ രണ്ടു ഡസനിലധികം കേസുകൾ നടന്നതായി നാട്ടുകാർ പറയുന്നു. എന്നാൽ മിക്കകേസുകളിലും പ്രതികളെ പിടികൂടിയിട്ടില്ല. മാസങ്ങൾക്കു മുമ്പ് എമ്പേറ്റിലെ വീട്ടിലെ കാമറയില്‍ പതിഞ്ഞ അജ്ഞാതനെക്കുറിച്ച് പൊലീസ് അന്വേഷണമാരംഭിച്ചിരുന്നുവെങ്കിലും വ്യക്തമായ വിവരം ലഭിച്ചില്ല.
ഇതിനിടയിൽ പിലാത്തറ പഴിച്ചിയിൽ വീട് കുത്തിത്തുറന്ന് വീട്ടമ്മയുടെ മാല കവർന്നു. പരിയാരം പൊലീസ് പരിധിയില്‍ മോഷണം നടത്തുന്ന സംഘത്തില്‍ പെട്ടയാളാണ് കാമറയിൽ പതിഞ്ഞതെന്നായിരുന്നു നിഗമനം. ദൃശ്യം ലഭിച്ചിട്ടും ആളെ കണ്ടെത്താൻ പൊലീസിനായില്ല. വീട്ടിലുണ്ടായിരുന്ന യുവതി തൊട്ടടുത്ത തറവാട്ട് വീട്ടിലാണ് അന്ന് ഉറങ്ങിയിരുന്നത്. വീട്ടില്‍ ആളില്ലെന്ന് മനസിലാക്കിയാണ് ഇയാള്‍ എത്തിയതെന്ന് കരുതുന്നു.
ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചും മറ്റും നടക്കുന്ന കവർച്ചയും വ്യാപകമാണ്. പട്ടാപ്പകൽ കുളപ്പുറത്ത് കടയിൽ ഇരിക്കുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നു. ഇതിലും പൊലീസിന് കാര്യമായി ഒന്നും ചെയ്യാനായില്ല. പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചുവെങ്കിലും ഫലമുണ്ടായില്ല. പിലാത്തറയിൽ ജ്വല്ലറി കുത്തിതുറക്കാൻ ശ്രമിച്ച മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു. എന്നാൽ ഇതിൽ കൂടുതൽ ആൾ ഉൾപ്പെട്ടിട്ടുണ്ടാകുമെന്നും അവരെക്കുറിച്ച് അന്വേഷണമുണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു.
തൊട്ടടുത്ത പയ്യന്നൂർ സ്റ്റേഷൻ പരിധിയിലും കവർച്ച വ്യാപകമാണ്. ഇവിടെ ടൗൺ കേന്ദ്രീകരിച്ചാണ് കവർച്ച. ഒരു സൂപ്പർ മാർക്കറ്റിൽ മൂന്നു തവണ കള്ളൻ കയറി. നിരീക്ഷണ കാമറ ദൃശ്യമുണ്ടായിട്ടും കള്ളനെ കണ്ടെത്താനായില്ല. പരിയാരം പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ കുറേ മാസങ്ങളായി സ്റ്റേഷൻ ഓഫിസറില്ല. കുറ്റാന്വേഷണത്തിൽ വൈദഗ്ധ്യമുള്ള ഓഫിസറെ നിയമിച്ച് സ്ക്വാഡ് രൂപവത്കരിച്ച് നാട്ടുകാരുടെ ഭീതിയകറ്റണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.