സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽനിന്ന് 32 ലക്ഷം കവർന്നയാൾ അറസ്റ്റിൽ
text_fieldsഗുരുവായൂർ: പടിഞ്ഞാറേനടയിൽ ഗാന്ധിനഗറിലെ എൽ ആൻഡ് ടി ഫിനാൻസിന്റെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 32,40,650 രൂപ കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ. ഇതേ സ്ഥാപനത്തിന്റെ അരണാട്ടുകര ബ്രാഞ്ച് മാനേജർ അമല നഗർ സ്വദേശി തൊഴുത്തുംപറമ്പിൽ അശോഷ് ജോയ് (37) ആണ് അറസ്റ്റിലായത്. കള്ളത്താക്കോൽ ഉപയോഗിച്ച് ലോക്കർ തുറന്ന് മോഷണം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തൃശൂരിലെ ടെറിട്ടോറിയൽ ഓഫിസിൽനിന്ന് ലഭിച്ച താക്കോൽ ഉപയോഗിച്ചാണ് കള്ളത്താക്കോൽ നിർമിച്ചതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ഹെൽമെറ്റ് ധരിച്ചയാൾ തിങ്കളാഴ്ച രാവിലെ 7.30 ഓടെ സ്ഥാപനത്തിൽ കടന്ന് പണം എടുത്തുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നഷ്ടപ്പെട്ട പണം വീണ്ടെടുക്കാൻ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് പറഞ്ഞു. സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ പൊലീസ് പ്രതിയെ കുടുക്കി.
സിറ്റി പൊലീസ് കമീഷണർ അങ്കിത് അശോകന്റെ പ്രത്യേക അന്വേഷണ സംഘത്തിലുള്ള സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.ജി. പ്രദീപ്, സിവിൽ പൊലീസ് ഓഫിസർമാരായ സിംസൺ, സജി ചന്ദ്രൻ, അരുൺ എന്നിവരും എ.സി.സി സി. സുന്ദരന്റെ നിർദേശപ്രകാരം ടെമ്പിൾ ഇൻസ്പെക്ടർ എ. പ്രേംജിത്ത്, എസ്.ഐമാരായ വി.പി. അഷറഫ്, കെ. ഗിരി, എ.എസ്.ഐമാരായ ജോബി ജോർജ്ജ്, സാജൻ, സീനിയർ സി.പി.ഒ എൻ. രഞ്ജിത്, സി.പി.ഒ വി.എം. ഷെഫീക് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.