പന്തക്കൽ അയ്യപ്പ ക്ഷേത്രത്തിലെ കവർച്ച: മോഷ്ടാവ് പിടിയിൽ
text_fieldsമാഹി: പന്തക്കൽ പന്തോക്കാവ് അയ്യപ്പക്ഷേത്രത്തിലെ കവർച്ചയുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാസർകോട് ടൗൺ പൊലീസ് അറസ്റ്റു ചെയ്തു.
കാസർകോട് തളങ്കര വില്ലേജ് ഓഫിസ് കുത്തിത്തുറന്ന് മോഷണശ്രമം നടത്തിയ പത്തനംതിട്ട മലയോലപ്പുഴയിലെ കല്ലൂർ വിഷ്ണുവിനെയാണ് (32) അറസ്റ്റു ചെയ്തത്. രണ്ടു ദിവസം മുമ്പാണ് കാസർകോട് തളങ്കരയിലെ വില്ലേജ് ഓഫിസ് കുത്തിത്തുറന്ന് മോഷണ ശ്രമം നടത്തിയത്.
പന്തക്കൽ ക്ഷേത്രത്തിൽനിന്ന് മോഷ്ടിച്ച ചില്ലറ നാണയത്തുട്ടുകൾ ടൗണിലെ കടയിൽ നൽകാൻ ശ്രമിക്കുന്നതിനിടെ സംശയം തോന്നിയ കടയുടമ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് നിരവധി മോഷണ കേസുകളിലെ പ്രതിയാണെന്ന് വ്യക്തമാത്.
ക്ഷേത്രത്തിലെ ഓഫിസ് മുറിയിൽ സഞ്ചിയിൽ സൂക്ഷിച്ച നാണയങ്ങളും വഴിപാട് കൗണ്ടറിലെ മേശവലിപ്പിലുണ്ടായിരുന്ന പണവുമുൾെപ്പടെ 2,000 രൂപയോളമാണ് കവർന്നത്. അന്നദാന ഹാളിൽ സൂക്ഷിച്ചിരുന്ന കമ്പിപ്പാര ഉപയോഗിച്ച് വഴിപാട് കൗണ്ടറിന്റെ ചില്ലുകൾ തകർത്താണ് മോഷ്ടാവ് കൗണ്ടറിലെത്തിയത്. ബുധനാഴ്ച് പുലർച്ച 4.30ന് അയ്യപ്പകീർത്തനം വെക്കാൻ ഭാരവാഹിയായ രവി നികുഞ്ജം ക്ഷേതത്തിലെത്തിയപ്പോഴാണ് വഴിപാട് കൗണ്ടറിലെ മേശവലിപ്പ് അടക്കമുള്ള സാമഗ്രികൾ ഓഫിസ് വരാന്തയിൽ ചിതറിക്കിടക്കുന്നത് കണ്ടത്. ഉടൻ പന്തക്കൽ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു.
പള്ളൂർ എസ്.ഐ സി.വി. റെനിൽ കുമാർ, പന്തക്കൽ എസ്.ഐ പി. ഹരിദാസ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം ക്ഷേത്രത്തിലെ സി.സി.ടി.വി കാമറ ദൃശ്യങ്ങൾ പരിശോധിച്ചു. കാവി മുണ്ടും കള്ളി ടീഷർട്ടും ധരിച്ചയാൾ അർധരാത്രി ക്ഷേത്രത്തിൽ പ്രവേശിച്ച് മോഷണം നടത്തുന്നത് വ്യക്തമാണ്. പള്ളൂർ പൊലീസ് കാസർകോട്ടെത്തി നിലവിൽ റിമാൻഡിലുള്ള പ്രതിയെ നടപടിക്രമങ്ങൾ പൂർത്തിയാക്കി അറസ്റ്റുചെയ്യുമെന്ന് എസ്.ഐ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.