പയ്യന്നൂരിൽ സൂപ്പർ മാർക്കറ്റിലും സ്റ്റുഡിയോയിലും കവർച്ച; പണവും കാമറയും കവർന്നു
text_fieldsപയ്യന്നൂർ: ടൗണിൽ രണ്ട് വ്യാപാര സ്ഥാപനങ്ങളിൽ വൻ കവർച്ച. പഴയ ബസ് സ്റ്റാൻഡിന് സമീപം റോയൽ സിറ്റിയിൽ പ്രവർത്തിക്കുന്ന സ്കൈപ്പർ സൂപ്പർ മാർക്കറ്റിലും പെരുമ്പയിലെ സ്റ്റുഡിയോയിലുമാണ് വ്യാഴാഴ്ച രാത്രി കവർച്ച നടന്നത്. സൂപ്പർമാർക്കറ്റിന്റെ പിൻവശത്തെ ചുമർ കുത്തിത്തുരന്ന് അകത്തുകയറിയ മോഷ്ടാവ് മേശയിൽ സൂക്ഷിച്ച രണ്ടര ലക്ഷത്തോളം രൂപ കവർന്നു. സാധന സാമഗ്രികൾ വാരിവലിച്ചിട്ട നിലയിലാണ്. കവ്വായി സ്വദേശികളുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. വെള്ളിയാഴ്ച രാവിലെ സ്ഥാപനം തുറന്ന് ഉടമയും ജീവനക്കാരും അകത്തുകയറിയപ്പോഴാണ് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിൽ കണ്ടത്. തുടർന്ന് കൗണ്ടറിലെ മേശയിൽ നടത്തിയ പരിശോധനയിലാണ് ജീവനക്കാർക്ക് ശമ്പളം നൽകാനും ബാങ്കിലും മറ്റും അടക്കാനായും സൂക്ഷിച്ച പണം നഷ്ടമായത് മനസ്സിലായത്.
പെരുമ്പയിൽ ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന ചിറ്റാരികൊവ്വൽ സ്വദേശി കൃഷ്ണദാസിന്റെ ഉടമസ്ഥതയിലുള്ള മാധവി സ്റ്റുഡിയോയിൽനിന്ന് ഡിജിറ്റൽ കാമറ, ലെൻസ്, ഫ്ലാഷ് ലൈറ്റ്, മെമ്മറി കാർഡുകൾ, പെൻഡ്രൈവ് തുടങ്ങി രണ്ട് ലക്ഷം രൂപയോളം വിലവരുന്ന സാധനങ്ങൾ കടത്തിക്കൊണ്ടുപോയതായാണ് പരാതി. മുൻവശത്തെ ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്തുകയറിയ മോഷ്ടാവ് സാധനങ്ങൾ കവർന്ന് രക്ഷപ്പെടുകയായിരുന്നു. രാത്രിയിലെ കനത്ത മഴയിലാണ് കവർച്ച.
വിവരമറിഞ്ഞ് പയ്യന്നൂർ പൊലീസ് ഇൻസ്പെക്ടർ മഹേഷ് കെ. നായരുടെ നേതൃത്വത്തിൽ എസ്.ഐ പി. വിജേഷും സംഘവും സ്ഥലത്തെത്തി പരിശോധിച്ചു. ഉടമകളുടെ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ മാസം പയ്യന്നൂർ പുഞ്ചക്കാട്ടെ സ്ഥാപനത്തിൽ കവർച്ച നടന്നിരുന്നു. അന്ന് നിർമാണ പ്രവൃത്തികൾക്കുള്ള യന്ത്രങ്ങളും ടൂൾസും മറ്റുമാണ് മോഷണം പോയത്. ഈ കേസിലെ പ്രതികളെ ഇനിയും കണ്ടെത്താനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.