കള്ളനെന്ത് സ്കൂൾ!
text_fieldsനീലേശ്വരം: രാജാസ് ഹയർസെക്കൻഡറി സ്കൂളിൽ കവർച്ച. പ്രധാനാധ്യാപികയുടെ ഓഫിസ് വാതിൽ ഇഷ്ടികക്കട്ട ഉപയോഗിച്ച് തകർത്താണ് മോഷ്ടാവ് അകത്തുകയറിയത്.
ഷെൽഫിൽ സൂക്ഷിച്ചിരുന്ന 11,600 രൂപയും 10,000 രൂപ വിലവരുന്ന എസ്.എൽ.ആർ കാമറയും സി.സി.ടി.വിയുടെ ഡി.വി.ആർ മോഡവും കൊണ്ടുപോയി.
സമീപത്തെ ഓഫിസ് മുറിയുടെ വരാന്തക്ക് മുകളിൽ സ്ഥാപിച്ച നിരീക്ഷണക്കാമറ തിരിച്ചുവെച്ചായിരുന്നു കവർച്ച. ഇതേമുറിയിൽ കമ്പ്യൂട്ടർ ലാബിലെ മുപ്പത്തിയഞ്ചോളം ലാപ്ടോപ്പുകളും സൂക്ഷിച്ചിരുന്നു. എന്നാൽ, ഇത് കള്ളന്റെ ശ്രദ്ധയിൽപെട്ടില്ല. കൂടാതെ, തൊട്ടടുത്ത മുറിയിൽ സെക്യൂരിറ്റി ജീവനക്കാരൻ ഉണ്ടായിരുന്നുവെങ്കിലും കവർച്ച ശ്രദ്ധയിൽപെട്ടില്ല. കനത്ത മഴയുണ്ടായിരുന്നതിനാൽ ശബ്ദം കേൾക്കാൻ സാധിച്ചില്ലെന്നാണ് കരുതുന്നത്.
പുലർച്ചയാണ് സംഭവം ശ്രദ്ധയിൽപെടുന്നത്. സെക്യൂരിറ്റി ജീവനക്കാരൻ സ്കൂൾ അധികൃതരെ വിവരമറിയിച്ചു. നീലേശ്വരം പൊലീസും സ്കൂളിലെത്തി പരിശോധന നടത്തി. കാസർകോട്ടുനിന്ന് വിരലടയാള വിദഗ്ധരെത്തി പരിശോധിച്ചു. പൊലീസ് നായ് എത്തിയെങ്കിലും നല്ല മഴയുണ്ടായിരുന്നതിനാൽ മോഷ്ടാവ് പോയ വഴികൾ തിരിച്ചറിയാൻ കഴിഞ്ഞില്ല.
പ്രധാനാധ്യാപിക ഇൻ ചാർജ് എം.വി. രമയുടെ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മൊത്തം 24,600 രൂപയുടെ നഷ്ടമാണ് സംഭവിച്ചതെന്ന് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
അതേസമയം, മോഷ്ടാക്കൾ അഴിച്ചുകൊണ്ടുപോയ സി.സി.ടി.വി കാമറകളുടെ ഡി.വി.ആർ സമീപത്തെ റെയിൽവേ സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടിൽനിന്ന് കണ്ടെത്തി. ഇതിൽ മോഷ്ടാക്കളുടെ ദൃശ്യം കണ്ടെത്തിയത് പ്രതികളെ പിടിക്കാൻ സഹായമാകുമെന്നാണ് പൊലീസ് കരുതുന്നത്.
നാലംഗസംഘം മോഷണത്തിലുണ്ടാതെന്നാണ് നിഗമനം. പ്രതികൾ ട്രെയിനിൽ കയറി കടന്നുകളഞ്ഞതായി പൊലീസ് സംശയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.