ഷിബു ബേബിജോണിന്‍റെ കുടുംബ വീട്ടിലെ കവർച്ച; 'ഗേറ്റ് ചാടിക്കടന്ന്' വീണ്ടും രാസാത്തി രമേഷ്
text_fieldsകൊല്ലം: ഗേറ്റ് ചാടിക്കടന്നതും കതകിന്‍റെ പൂട്ട് പൊളിച്ചതും കൈയടയാളം പതിയാതിരിക്കാൻ തോർത്ത് കെട്ടിയതും അലമാര പൊളിച്ചതും ഉൾപ്പെടെ മോഷണത്തിന്‍റെ രംഗങ്ങൾ മുഴുവൻ 'അവതരിപ്പിച്ച്' രാസാത്തി രമേഷ് വീണ്ടും വയലിൽ വീട്ടിലെത്തി. മുൻ മന്ത്രി ബേബിജോണിന്‍റെ കടപ്പാക്കടയിലെ വയലിൽ വീട്ടിൽ ശനിയാഴ്ച രാത്രി 50 പവനിലധികം മോഷ്ടിച്ച സംഭവത്തിലെ രംഗങ്ങൾ ചൊവ്വാഴ്ച വൈകീട്ട് പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് പ്രതിയായ രാസാത്തി രമേഷ് എന്ന രമേഷ് വീണ്ടും ചെയ്തുകാണിച്ചത്.
നാഗർകോവിലിൽനിന്ന് അറസ്റ്റ് ചെയ്ത കന്യാകുമാരി സ്വദേശിയായ പ്രതിയെ എ.സി.പി ജി.ഡി. വിജയകുമാറിന്‍റെ നേതൃത്വത്തിലെ പൊലീസ് സംഘമാണ് ചൊവ്വാഴ്ച മൂന്നോടെ തെളിവെടുപ്പിനായി എത്തിച്ചത്. അര മണിക്കൂറോളം നീണ്ട തെളിവെടുപ്പിൽ മോഷണത്തിന്‍റെ ആദ്യവസാനം താൻ ചെയ്ത കാര്യങ്ങൾ പ്രതി വിവരിച്ചു.
ഒന്നര വർഷത്തിന് ശിക്ഷക്ക് ശേഷം ഏപ്രിൽ 30ന് പാലക്കാട് മലമ്പുഴ ജില്ല ജയിലിൽനിന്ന് മോചിതനായി ആറിന് കൊല്ലത്ത് എത്തിയ രമേഷ് നഗരത്തിലെ ആൾ താമസമില്ലാത്ത വീടുകൾ നോട്ടമിട്ട് നടന്നാണ് ബേബി ജോണിന്‍റെ വീട് കണ്ടെത്തിയത്. മുമ്പ് കൊല്ലം നഗരത്തിൽ വന്നിട്ടുള്ള ഇയാൾക്ക് ഇവിടം പരിചിതമായിരുന്നു. മോഷണം നടന്ന ദിവസം രാത്രി 10 വരെ കടപ്പാക്കടയിൽ നടന്ന കബഡി ചാമ്പ്യഷിപ് കാണുകയായിരുന്നു. തുടർന്ന് ഈ വീടിന്‍റെ ഗേറ്റ് ചാടി അകത്തുകടന്നു. 12.30 വരെ മുൻ വശത്തെ വരാന്തയിൽ കിടന്നുറങ്ങി.
തുടർന്ന് പുരയിടത്തിൽനിന്ന് ലഭിച്ച ഇരുമ്പ് സ്ക്വയർ ട്യൂബ് ഉപയോഗിച്ചു കതക് കുത്തിത്തുറന്നു. ഇവിടെനിന്ന് കിട്ടിയ കല്ലുകളാണ് മുറികളുടെ പൂട്ട് തകർക്കാനും ഉപയോഗിച്ചത്. കല്ല് താഴെ വീഴുന്ന ശബ്ദം കേൾക്കാതിരിക്കാൻ വീട്ടിൽനിന്ന് ലഭിച്ച തലയണകൾ കതകിന് താഴെ വെച്ചിരുന്നു. എല്ലാ മുറികളിലും കയറിയിറങ്ങിയ പ്രതിക്ക് മുകളിലെ മുറിയിലെ ചുവരലമാരയിൽനിന്നാണ് സ്വർണം കിട്ടിയത്.
വിരലടയാളം പതിയാതിരിക്കാൻ കൈയിൽ തോർത്ത് കെട്ടിയായിരുന്നു മോഷണം. സ്വർണം കിട്ടിയിട്ടും പുലർച്ച അഞ്ചരവരെ വീടിനുള്ളിൽതന്നെ കിടന്നു. തുടർന്ന് ആറോടെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തി നാഗർകോവിലിലേക്ക് ഉള്ള ട്രെയിനിൽ രക്ഷപ്പെടുകയായിരുന്നു. 15 പവൻ ആഭരണം നാഗർകോവിലിൽ ഉരുക്കി വിറ്റിരുന്നു. ബാക്കി 38 പവൻ വിൽക്കാൻ ശ്രമിക്കവേയാണ് നാഗർകോവിൽ പൊലീസിന്‍റെ പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.