നെടുങ്കണ്ടത്ത് എ.ടി.എം കൗണ്ടര്‍ കുത്തിത്തുറന്ന് മോഷണ ശ്രമം
text_fieldsനെടുങ്കണ്ടം: കുമളി മൂന്നാര്‍ സംസ്ഥാന പാതയില്‍ നെടുങ്കണ്ടത്തിനടുത്ത് പാറത്തോട്ടില്‍ എ.ടി.എം. മെഷീന് കുത്തിത്തുറന്ന് പണം മോഷ്ടിക്കാന്‍ ശ്രമം. പാറത്തോട് ടൗണില്‍ സ്ഥാപിച്ചിരുന്ന സ്വകാര്യ കമ്പനിയുടെ എ.ടി.എം. മെഷീന് കുത്തിത്തുറക്കാനാണ് ശ്രമം നടന്നത്. പണം മോഷ്ടിക്കാനായിട്ടില്ലെന്നാണ് എ.ടി.എം അധികൃതര്‍ പറയുന്നത്.
എ.ടി.എം. മെഷീനിന്റെ മുന്‍ഭാഗം ശക്തിയേറിയ ആയുധം ഉപയോഗിച്ച് കുത്തിത്തുറന്ന നിലയിലായിരുന്നു. എന്നാല്‍ പണം നിക്ഷേപിച്ച ലോക്കര്‍ തകര്‍ക്കാന്‍ കഴിഞ്ഞില്ല. ചൊവ്വാഴ്ച രാവിലെ പണമെടുക്കാന്‍ എത്തിയ സ്ത്രീയാണ് മോഷണ വിവരം ആദ്യമറിഞ്ഞത്. എ.ടി.എം. ഫ്രാഞ്ചൈസി എടുത്ത് നടത്തുന്ന ആള് ഉടുമ്പന്‍ചോല പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാകാം സംഭവമെന്നാണ് പൊലീസ് നിഗമനം. കൃത്യം നടക്കുമ്പോള്‍ സുരക്ഷ മുന്നറിയിപ്പ് സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചില്ല. പണം സൂക്ഷിച്ചിരിക്കുന്ന ലോക്കര്‍ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ മാത്രമേ ഇത് പ്രവര്‍ത്തിക്കൂ എന്നാണ് എ.ടി.എം. നടത്തിപ്പുകാര്‍ പറയുന്നത്. രണ്ടുദിവസം മുമ്പാണ് എ.ടി.എമ്മില്‍ പണം നിറച്ചത്. ഉടുമ്പന്‍ചോല പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക്, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്ക്വാഡ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.