കക്കട്ടിൽ ജ്വല്ലറിയുടെ ചുമർ തുരന്ന് കവർച്ച ശ്രമം; മോഷ്ടാവ് മുക്കുപണ്ടവുമായി സ്ഥലം വിട്ടു
text_fieldsകക്കട്ടിൽ: ടൗണിലെ ജ്വല്ലറിയിൽ ചുമർ കുത്തിത്തുറന്ന് മോഷണ ശ്രമം. വടകര റോഡിൽ ശോഭ ജ്വല്ലറിയുടെ പിൻഭാഗം ചുമരിന്റെ കല്ലുകൾ ഇളക്കിമാറ്റി അകത്ത് കയറിയ മോഷ്ടാവ് ലോക്കർ തുറക്കാനാവാതെ സ്വർണമെന്നു കരുതി മുക്കു പണ്ടവുമായി സ്ഥലംവിട്ടു. വ്യാഴാഴ്ച പുലർച്ചെ പന്ത്രണ്ടരക്കും ഒന്നരക്കുമിടയിലാണ് സംഭവം. ചുറ്റിലും കെട്ടിടങ്ങളുള്ള ജ്വല്ലറിയുടെ നാലു കല്ലുകൾ ഇളക്കി മാറ്റിയാണ് അകത്തുകടന്നത്. ഷോക്കേസിലോ പുറത്തോ ആഭരണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. കുട്ടികളുടെ കാതുകുത്തിയ ശേഷം തൽക്കാലത്തേക്ക് അണിയാൻ കൊടുക്കുന്ന 48 സ്റ്റഡെക്സ് മാത്രമാണ് കൊണ്ടുപോയതെന്ന് ഉടമ അബ്ദുന്നാസർ കക്കട്ടിൽ പറഞ്ഞു. ശരീരം മുഴുവൻ മറയുന്ന ജാക്കറ്റ് അണിഞ്ഞ് മങ്കിത്തൊപ്പി ധരിച്ച് ഒരു നിലക്കും തിരിച്ചറിയാനാവാത്ത നിലയിലാണ് മോഷ്ടാവിന്റെ ദൃശ്യം സി.സി.ടി.വിയിൽ പതിഞ്ഞത്. കൈയുറയും ഉണ്ടായിരുന്നു. ടോർച്ച് തെളിച്ച് മുഴുവൻ മേശകളും ഷെൽഫുകളും തുറന്ന് പരിശോധിക്കുന്നത് കാണാം.
അടുത്തിടെ ഇതേ ജ്വല്ലറിയുടെ ഷട്ടർ തകർത്ത മോഷ്ടാവ് അകത്ത് കടന്നെങ്കിലും ലോക്കർ തുറക്കാനായിരുന്നില്ല. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് അന്ന് ഷട്ടറിന്റെ പൂട്ട് തകർത്തത്. കുറ്റ്യാടി സി.ഐ ഇ.കെ. ഷിജു, എസ്.ഐ പി. ഷമീർ എന്നിവർ സ്ഥലം സന്ദർശിച്ചു. പരാതിയില്ലാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.