നെന്മാറയിലെ കവർച്ച ശ്രമങ്ങൾ; അന്വേഷണം ശക്തമാക്കി പൊലീസ്
text_fieldsനെന്മാറ: ടൗണിലും പരിസരങ്ങളിലും കവർച്ച ശ്രമങ്ങൾ വ്യാപകമായതോടെ അന്വേഷണം ഊർജിതമാക്കി പൊലീസ്. വല്ലങ്ങി, ബസ് സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിലെ വീടുകളിൽ കഴിഞ്ഞദിവസം മോഷണശ്രമങ്ങൾ നടന്നിരുന്നു.
പുലർച്ച വീടിന് പുറത്തിറങ്ങിയ വയോധികയുടെ മാല പൊട്ടിക്കാനും കഴിഞ്ഞാഴ്ച ശ്രമം നടന്നു. ആറ് വീടുകളിൽ പൂട്ടു തകർത്തതായി പൊലീസ് കണ്ടെത്തി. രണ്ടുപേരടങ്ങുന്ന സംഘമാണ് കവർച്ച നടത്തിയതെന്ന് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. ഇവർ റോഡിലൂടെ നടക്കുന്ന ദൃശ്യം സമീപത്തെ സി.സി.ടി.വിയിൽനിന്ന് ലഭിച്ചു.
ആയുധധാരികളായ സംഘത്തെ രാത്രികാലത്ത് സംശയാസ്പദമായി വീടുകൾക്ക് സമീപം കണ്ടതായി ചില ദൃക്സാക്ഷികളും പറഞ്ഞു. എന്നാൽ, ആളുകൾ കൂടിയതോടെ ഇവർ ഓടി മറയുകയായിരുന്നു. തുടർച്ചയായുണ്ടാവുന്ന മോഷണങ്ങൾ തടയാൻ സംവിധാനമില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. വിരലടയാള വിദഗ്ധരുടെയും ഡോഗ് സ്ക്വാഡിെൻറയും സേവനം ഉപയോഗപ്പെടുത്തിയിട്ടും കവർച്ച സംഘത്തെ പിടികൂടാനായിട്ടില്ല.
ഒരുവർഷം മുമ്പ് ടൗണിൽ പല വീടുകളിലും കവർച്ച നടന്നിട്ടും മോഷ്ടാക്കളെക്കുറിച്ച് ഒരു തുമ്പും ലഭിച്ചിട്ടില്ല. എന്നാൽ, പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ച് മോഷ് ടാക്കളെ പിടികൂടാനുള്ള ശ്രമത്തിലാണ് നെന്മാറ പൊലീസ്.
കൊല്ലങ്കോട്ടും മോഷണശ്രമം
കൊല്ലങ്കോട്: നെന്മാറ മാതൃകയിൽ കൊല്ലങ്കോട്ടും മോഷണശ്രമം. നാട്ടുകാർ ഭീതിയിൽ. വ്യാഴാഴ്ച രാത്രി പഴയങ്ങാടിക്കടുത്ത പുളിങ്കുട്ടത്തറയിലെ വീടുകളിലാണ് മോഷണശ്രമം നടന്നത്. പുളിങ്കുട്ടത്തറയിലെ രവിചന്ദ്രൻ, കൃഷ്ണൻകുട്ടി, ശിവദാസൻ, ഗംഗാ പരമേശ്വരി എന്നിവരുടെ വീടുകളിലാണ് മോഷണശ്രമം നടന്നത്. രവിചന്ദ്രെൻറ വീട്ടിൽനിന്ന് 2000 രൂപ നഷ്ടപ്പെട്ടു.
മൂന്നംഗങ്ങളാണ് മോഷ്ടാക്കളുടെ സംഘത്തിലുണ്ടായിരുന്നതെന്ന് പറയുന്നു. വിരലടയാള വിദഗ്ധൻ രാജേഷ്കുമാർ, പാലക്കാട് പൊലീസ് ഡോഗ് സ്ക്വാഡ് എന്നിവരെത്തി പരിശോധന നടത്തി. തമിഴ്നാട്ടിൽനിന്നുള്ള സംഘമാവും മോഷണ ശ്രമങ്ങൾക്ക് പിന്നിലെന്നാണു പ്രാഥമിക നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.