കൃത്രിമ വാഹനാപകടം സൃഷ്ടിച്ച് കവർച്ച; എട്ടു മലയാളികൾ അറസ്റ്റിൽ
text_fieldsഇരിട്ടി: കൃത്രിമ വാഹനാപകടം സൃഷ്ടിച്ച് മലയാളികളായ കാർ യാത്രികരെ കൊള്ളയടിച്ച സംഭവത്തിൽ കണ്ണൂർ സ്വദേശികളായ എട്ടുപേരെ വീരാജ്പേട്ട പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവില്‍നിന്ന് പാനൂരിലേക്ക് വരുകയായിരുന്നവരെ തടഞ്ഞുനിർത്തി കാറിലുണ്ടായിരുന്ന രണ്ടര ലക്ഷത്തോളം രൂപ കവർന്ന് സംഘം കടന്നുകളയുകയായിരുന്നു. തലശ്ശേരി തിരുവങ്ങാട് കുട്ടിമാക്കൂല്‍ സ്വദേശികളായ ശ്രീചന്ദ് (27), എസ്. ഷെറിന്‍ലാല്‍ (30), ജി. അര്‍ജുന്‍ (32), തിരുവങ്ങാട് സ്വദേശി ഇ.സി. ലനേഷ് (40), ചമ്പാട് സ്വദേശി കെ.കെ. അക്ഷയ് (27), മാനന്തവാടി തായലങ്ങാടി സ്വദേശികളായ എം. ജംഷീര്‍ (29), സി.ജെ. ജിജോ (31) പന്ന്യന്നൂര്‍ സ്വദേശി സി.കെ. ആകാശ് (27) എന്നിവരെയാണ് വീരാജ്പേട്ട ഡിവൈ.എസ്.പിയും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം പുലർച്ചയോടെയായിരുന്നു സംഭവം. പാനൂര്‍ സ്വദേശി ഷബിന്‍, സഹോദരൻ ജിതിൻ, ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ഇർഷാദ്, മുർഷിദ് എന്നിവർ സഞ്ചരിച്ച കാർ തടഞ്ഞുനിർത്തിയാണ് പണം മോഷ്ടിച്ചത്. ബംഗളൂരുവില്‍ ഹോട്ടല്‍ നടത്താനായി മടിവാളയില്‍ മുറിനോക്കാന്‍ പോയി തിരിച്ചുവരവേ ആയിരുന്നു കവർച്ച.
ഗോണിക്കുപ്പയില്‍വെച്ച് ഇവര്‍ സഞ്ചരിച്ച കാറില്‍ പ്രതികൾ സഞ്ചരിച്ച കാര്‍ ഉരസുകയും ഇതുസംബന്ധിച്ച് പ്രശ്നം സൃഷ്ടിക്കുകയുമായിരുന്നു. പ്രതികൾ സഞ്ചരിച്ച കാറിലെ നാലുപേരും പിന്നാലെ മറ്റൊരു കാറിലെത്തിയ നാലുപേരും ചേര്‍ന്ന് കവർച്ചക്കിരയായ കാര്‍ ഓടിച്ച ഷബിന്‍ അടക്കമുള്ള നാലുപേരെയും പുറത്തേക്ക് വലിച്ചിറക്കി. കാർ അമിതവേഗതയിലാണെന്നും ഇതിൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്നുംപറഞ്ഞ് കാർ പരിശോധിക്കുകയും ഡാഷ് ബോർഡിൽ സൂക്ഷിച്ച പണവുമായി കടന്നു കളയുകയുമായിരുന്നു. കവര്‍ച്ച ചെയ്യപ്പെട്ടവര്‍ സഞ്ചരിച്ചതും പ്രതികള്‍ സഞ്ചരിച്ചതും വാടകക്കെടുത്ത വാഹനങ്ങളിലാണ്.
പ്രതികളില്‍ ചിലര്‍ മുമ്പും മോഷണം, അക്രമ കേസുകളില്‍ ഉൾപ്പെട്ടവരാണെന്നും അതുകൊണ്ട് കേരള പൊലീസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും വീരാജ്പേട്ട ഡിവൈ.എസ്.പി നിരഞ്ജന്‍ രാജരസ് പറഞ്ഞു. ഡിവൈ.എസ്.പിക്കുപുറമെ ഗോണിക്കുപ്പ പൊലീസ് ഇൻസ്‌പെക്ടർ ഗോവിന്ദരാജ്, എസ്.ഐ സുബ്ബയ്യ, എ.എസ്.ഐ സുബ്രമണ്യന്‍, കോണ്‍സ്റ്റബിള്‍മാരായ മണികണ്ഠന്‍, മജീദ്, മുഹമ്മദലി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കേണ്ടതിനാല്‍ ചിത്രങ്ങൾ പുറത്തുവിട്ടിട്ടില്ല. പ്രതികൾ സഞ്ചരിച്ച കാറുകളും പിടിച്ചെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.