ക്ഷേത്ര താഴികക്കുടം മോഷണം: പ്രതികളുടെ പരാതിയിൽ അന്വേഷണത്തിന് ക്രൈംബ്രാഞ്ച്
text_fieldsചെങ്ങന്നൂർ: മുതവഴി ശ്രീകുമാരമംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ താഴികക്കുടം മോഷണക്കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കേസിലെ പ്രതികളായ ശരത്കുമാർ, ഗീതാനന്ദൻ, പി.ടി. ലിജു, സജീഷ്‌കുമാർ എന്നിവർ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിലാണ് നടപടി. കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്നാണ് ഇവരുടെ പരാതി. ക്ഷേത്ര ഭാരവാഹിത്വത്തിലുണ്ടായിരുന്ന ബി.ജെ.പി ജില്ല നേതാവറിയാതെ മോഷണം നടക്കില്ലെന്നും പരാതിയിലുണ്ട്.
കൈംബ്രാഞ്ച് സംഘം ശരത്കുമാറിന്റെ മൊഴിയെടുത്തു. അന്വേഷണം പൂർത്തിയാക്കി ഉടൻ റിപ്പോർട്ട് നൽകുമെന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.വി. ബെന്നി പറഞ്ഞു.
അപൂർവലോഹമായ ഇറിഡിയമുണ്ടെന്ന് കരുതുന്ന താഴികക്കുടം മോഷ്ടിച്ചത് 2011 ഒക്ടോബർ 20ന് പുലർച്ചയാണ് പുറത്തറിഞ്ഞത്. താഴികക്കുടത്തിന്റെ മകുടമാണ് അപഹരിച്ചത്. മൂന്നാംദിവസം സമീപത്തെ വീടിനടുത്തുനിന്ന് ഉപേക്ഷിച്ചനിലയിൽ ഇത് കണ്ടെത്തി. ക്ഷേത്രഭരണസമിതി അത് പുനഃപ്രതിഷ്ഠിക്കുകയും ചെയ്തു. ഇറിഡിയത്തിന്റെ മൂല്യം അളക്കുകയായിരുന്നു കവർച്ചയുടെ ലക്ഷ്യമെന്നു പറയുന്നു. ഏകദേശം 4000 കോടി കിട്ടുമെന്നാണു പ്രചാരണമുണ്ടായത്. പ്രത്യേക ഉപകരണത്തിന്റെ സഹായത്തോടെ മൂല്യം കണക്കാക്കി തിരികെവെക്കുകയായിരുന്നു ലക്ഷ്യമത്രേ. 2016 സെപ്റ്റംബർ 29ന് വീണ്ടും മോഷണശ്രമം നടന്നു. താഴികക്കുടം ഇളക്കി താഴെയിട്ടെങ്കിലും കൊണ്ടുപോകാൻ കഴിഞ്ഞില്ല. സുരക്ഷ കണക്കിലെടുത്ത് പുതിയ താഴികക്കുടമാണ് പിന്നീട് പ്രതിഷ്ഠിച്ചത്.
കുറ്റപത്രപ്രകാരം താഴികക്കുടത്തിൽ ഇറിഡിയമുണ്ടെന്ന് 2018ൽ വാർത്ത പരന്നതോടെ അവകാശികളായി പലരുമെത്തിയിരുന്നു. താഴികക്കുടം മോഷ്ടിക്കപ്പെടാതിരിക്കാൻ ആദ്യഘട്ടത്തിൽ ക്ഷേത്രത്തിൽ 10 അംഗ സംഘത്തിന്റെ കാവലുണ്ടായിരുന്നു.
എന്നാൽ, മോഷണം നടക്കുന്നതിന് ഒരാഴ്ച മുമ്പ് ഇവരെയെല്ലാം മാറ്റി. സത്യസന്ധമായി മൊഴികൊടുത്തെങ്കിലും കമ്മിറ്റിക്കാർക്കെതിരെ ചെങ്ങന്നൂർ കോടതിയിൽ സിവിൽ കേസ് ഫയൽചെയ്ത വൈരാഗ്യത്തിൽ തന്നെ പ്രതിയാക്കുകയായിരുന്നെന്നും അഞ്ചാംപ്രതി ശരത്കുമാറിെൻറ പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.