മരുന്ന് മൊത്തവ്യാപാര കേന്ദ്രത്തിന്റെ ചുമർ കുത്തിത്തുറന്ന് കവർച്ച
text_fieldsവെന്റിലേറ്റർ പൊളിച്ചു മോഷണം നടന്ന കണ്ണൂർ ഫോർട്ട് റോഡിലെ കണ്ണൂർ ഡ്രഗ്സ് സെന്ററിന്റെ ഉൾവശം
കണ്ണൂർ: നഗരത്തിൽ ഫോർട്ട് റോഡിലെ പ്ലാറ്റിനം സെന്ററിലെ മരുന്ന് മൊത്തവ്യാപാര കേന്ദ്രമായ ദി കാനനൂർ ഡ്രഗ് സെന്ററിന്റെ ചുമർ തുരന്ന് കവർച്ച. അകത്ത് കയറിയ മോഷ്ടാക്കൾ 1,84,000 രൂപ കവർന്നു. സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപനമുടമ രഞ്ജിത്ത് സഹദേവൻ ടൗൺ പൊലീസിൽ പരാതി നൽകി.
സ്ഥാപനത്തിന്റെ പിറക് വശത്തെ ചുമർ തുരന്നാണ് മോഷ്ടാക്കൾ അകത്തുകയറിയത്. അകത്തുള്ള ബോക്സ് തള്ളിമാറ്റി നിലത്തിട്ടു. സ്ഥാപനത്തിന്റെ ഓഫിസിലെ മേശവലിപ്പ് പൊളിച്ചാണ് പണം കവർന്നത്.
ബുധനാഴ്ച രാവിലെ ജീവനക്കാരെത്തി തുറന്നപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയിൽപ്പെട്ടത്. കഴിഞ്ഞദിവസത്തെ കലക്ഷൻ തുകയാണ് മേശവലിപ്പിൽ സൂക്ഷിച്ചിരുന്നത്.
സ്ഥാപനത്തിന്റെ മുൻവശത്ത് മാത്രമേ സി.സി.ടി.വി ഉണ്ടായിരുന്നുള്ളൂ. അതിനാൽ, സി.സി.ടി.വിയിൽ മോഷ്ടാക്കളെ കുറിച്ചുള്ള വിവരമൊന്നുമില്ല. മോഷ്ടാക്കൾ ഉപേക്ഷിച്ചതെന്ന് കരുതുന്ന സ്ക്രൂ ഡൈവറും ഉളിയും കണ്ടെത്തിയിട്ടുണ്ട്. ടൗൺ പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും പരിശോധന നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.