മർദിച്ച് കവർച്ച: നാലു പ്രതികൾ അറസ്റ്റിൽ
text_fieldsപരപ്പനങ്ങാടി: വിദേശത്ത് നിന്ന് നിയമവിരുദ്ധമായി കൊണ്ടുവന്ന സ്വർണം തട്ടിയെടുത്തതിന്റെ കമീഷൻ കിട്ടാത്തതിന് അക്രമത്തിന് മുതിർന്നവർ അറസ്റ്റിൽ. താനൂർ സ്വദേശി ഷെമീറിനെ വിളിച്ചുവരുത്തി ചാപ്പപ്പടിയിലും അരിയല്ലൂർ എൻ.സി. ഗാർഡന്റെ പിറകുവശം കടലോരത്ത് വെച്ചും സംഘം ചേർന്ന് മർദിക്കുകയും കാറും ഒരു ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണും 15,000 രൂപയും കവർച്ച ചെയ്തെന്നാണ് പരാതി.
പരപ്പനങ്ങാടി ആലുങ്ങൽ ബീച്ചിലെ കെ.പി. മുജീബ് റഹ്മാൻ (39), അങ്ങാടി ബീച്ചിലെ അസൈനാർ (44), ചെട്ടിപ്പടി ബീച്ചിലെ എച്ച്. റെനീസ് (35), ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിൽ കെ.സി. ഷെബീർ ( 35) എന്നിവരെയാണ് പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ജൂലൈയിൽ സൗദിയിൽനിന്ന് നിയമവിരുദ്ധമായി കൊണ്ടുവന്ന സ്വർണം തട്ടിയതിന്റെ കമീഷൻ അഞ്ചു ലക്ഷം രൂപ കിട്ടണമെന്ന് ആവശ്യപ്പെട്ടാണത്രെ പ്രതികൾ പരാതിക്കാരനെ ദേഹോപദ്രവം ഏൽപ്പിച്ച് കവർച്ച നടത്തിയതെന്നും.
ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായും സ്റ്റേഷൻ ഓഫിസർ ഹണി കെ. ദാസ് പറഞ്ഞു. നാട്ടിലുള്ളതും വിദേശത്തേക്ക് കടന്നതുമായ പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മധ്യസ്ഥ ചർച്ച നടത്തിയ വ്യക്തിക്ക് വേണ്ടിയും അന്വേഷണമാരംഭിച്ചു.
പരപ്പനങ്ങാടി സി.ഐ ഹണി കെ. ദാസിന് പുറമെ എസ്.ഐ പ്രദീപ് കുമാർ, എം.വി. സുരേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ സുധീഷ്, സനൽ, ഡാൻസാഫ് ടീമംഗങ്ങളായ ആൽബിൻ, ജിനു, അഭിമന്യു, വിപിൻ, സബറുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതികളെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.