പൂട്ടിയിട്ട വീട്ടിൽ മോഷണം: ആറ് മോഷ്ടാക്കളും പിടിയിലായി
text_fieldsകാസർകോട്: കുമ്പള സോങ്കാലിലെ വീട്ടിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് അന്തർസംസ്ഥാന സംഘത്തിൽപെട്ട ആറുപേരും അറസ്റ്റിലായി. മഹാരാഷ്ട്രയിൽ താനാ വെസ്റ്റിലെ ബാലനാരായണ കുബൽ (52), വെസ്റ്റ് മുംബൈയിലെ ചന്ദ്രകാന്ത (42), കർണാടക ഉഡുപ്പിയിലെ രക്ഷക് (26), മാണ്ഡ്യയിലെ ആനന്ദ (45), കൊച്ചി പാലാരിവട്ടത്തിനടുത്തുള്ള ഹിദായത്തുള്ള എന്ന അബ്ദുൽ ജലാൽ (40), ഉപ്പളഗേറ്റിലെ നിതിൻ കുമാർ (48) എന്നിവരാണ് അറസ്റ്റിലായത്.
കാസർകോട് ഡിവൈ.എസ്.പി ബാലകൃഷ്ണൻ നായർ, കുമ്പള പൊലീസ് ഇൻസ്പെക്ടർ പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിൽ ചന്ദ്രകാന്ത, രക്ഷക്, ആനന്ദ എന്നിവർ ആദ്യം അറസ്റ്റിലായിരുന്നു. ഇവർ ഇപ്പോൾ പാലക്കാട് ജയിലിലാണ്. ഇവരിൽനിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ അബ്ദുൽ ജലാൽ, നിതിൻ എന്നിവരെ മാർച്ച് ഒമ്പതിനു അറസ്റ്റ് ചെയ്തു.
നിതിൻകുമാറിനെ ചോദ്യം ചെയ്തപ്പോഴാണ് തൊണ്ടിമുതൽ സംബന്ധിച്ച വിവരം ലഭിച്ചത്. അങ്ങനെയാണ് താനാ വെസ്റ്റിലെ ബാലനാരായണ അറസ്റ്റിലാകുന്നത്. ബാലനാരായണയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പൂട്ടിയിട്ട വീട്ടിൽനിന്നും മോഷണംപോയ ഫോർചുണർ കാർ മഹാരാഷ്ട്രയിൽനിന്ന് കണ്ടെടുത്തു. തിരിച്ചറിയാതിരിക്കാനായി കാറിന്റെ നമ്പർ മോഷണ സംഘം മാറ്റിയിരുന്നുവെന്ന് ഡിവൈ.എസ്.പി പറഞ്ഞു. നിതിൻ ഒഴികെ മറ്റ് അഞ്ചുപേർ കേരളത്തിൽ നടത്തിയ ആദ്യമോഷണമാണ് സോങ്കാലിലേത്. ആറുപേർക്കും നേരിട്ടുപങ്കുള്ള മോഷണമാണിത്. മംഗളൂരുവിലെ മയക്കുമരുന്ന് കേസിൽപെട്ട് ഉപ്പള സ്വദേശിയായി നിതിൻ കർണാടകയിൽ ജയിലിലായിരുന്നു. ജയിലിൽ മറ്റു പ്രതികളുമായി ചേർന്ന് കേരളത്തിൽ മോഷണത്തിന് പദ്ധതിയിടുകയായിരുന്നുവെന്ന് കുമ്പള പൊലീസ് ഇൻസ്പെക്ടർ പ്രദീപ് പറഞ്ഞു.
40ലേറെ കേസുകളാണ് ചന്ദ്രകാന്തയുടെ പേരിലുള്ളത്. പ്രതികൾ ഏറെയും മോഷണം നടത്തിവന്നിരുന്നത് കർണാടകയിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണസംഘത്തിൽ കുമ്പള എസ്.ഐ രാജീവ് കുമാർ. സീനിയർ സിവിൽ പൊലീസ് ഓഫിസർ സുധീർ, പൊലീസുകാരായ ചന്ദ്രശേഖരൻ, ശിവകുമാർ, ഗോകുല, സുഭാഷ് ചന്ദ്രൻ, ശ്രീരാജ് എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.