കുറിച്ചിയിലെ കവർച്ച: അന്വേഷണ സംഘത്തെ വെട്ടിച്ച് ഒന്നാംപ്രതി കടന്നു
text_fieldsകോട്ടയം: കുറിച്ചിയിലെ ധനകാര്യസ്ഥാപനത്തിൽ മോഷണം നടത്തിയ കേസിലെ ഒന്നാംപ്രതി അന്വേഷണ സംഘത്തെ വെട്ടിച്ചുകടന്നു. പത്തനംതിട്ട കലഞ്ഞൂർ കള്ളിപ്പാറ മോസ്കിന് സമീപം പുന്നക്കുടി പുത്തൻവീട്ടിൽ ഫൈസൽ രാജാണ് (35) പൊലീസിനെ വെട്ടിച്ചുകടന്നത്. കോടതിയിൽ കീഴടങ്ങാൻ വരുന്ന വിവരം അറിഞ്ഞ് അന്വേഷണസംഘം പത്തനംതിട്ടയിൽ എത്തിയതായിരുന്നു.
പൊലീസ് എത്തിയെന്നറിഞ്ഞതോടെ ഇയാൾ അന്വേഷണസംഘത്തിന്റെ വാഹനത്തിൽ സ്വന്തം വാഹനം ഇടിപ്പിച്ച് അപകടം ഉണ്ടാക്കി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഇയാൾ എത്താൻ സാധ്യതയുള്ള കോടതികളിൽ പൊലീസ് കാത്തുനിന്നെങ്കിലും കണ്ടെത്താനായില്ല. ഇയാൾക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കാനൊരുങ്ങുകയാണ് പൊലീസ്. പൊലീസിനു പിടികൊടുക്കാതെ വക്കീലിനെ സമീപിച്ച് കോടതിയിൽ കീഴടങ്ങാനാണ് ഇയാളുടെ നീക്കമെന്നറിയുന്നു. കേസിൽ രണ്ടാംപ്രതി അനീഷ് ആന്റണി നേരത്തേ അറസ്റ്റിലായിരുന്നു.
എന്നാൽ, ഇയാൾ ഫൈസൽ രാജിനെ സഹായിച്ചെന്നല്ലാതെ ആസൂത്രണത്തിൽ പങ്കുചേർന്നിട്ടില്ല. സ്വർണവും പണവും ഫൈസലിന്റെ കൈവശമാണെന്നാണ് അനീഷ് നൽകിയ വിവരം. അനീഷിന് ചെറിയ തുക മാത്രമാണ് നൽകിയത്. സ്വർണം വിറ്റശേഷം ബാക്കി തുക നൽകാമെന്നാണ് ഫൈസൽ പറഞ്ഞിട്ടുള്ളതത്രേ.
കുറിച്ചിയിലെ സുധ ഫിനാൻസിൽനിന്ന് 1.25 കോടിയുടെ സ്വർണവും എട്ടു ലക്ഷം രൂപയുമാണ് ഫൈസലും അനീഷും ചേർന്ന് രണ്ടുദിവസങ്ങളിലായി മോഷ്ടിച്ചത്. ഫൈസലിനെ പിടികൂടിയാലേ തൊണ്ടി മുതൽ കണ്ടെത്താനാവൂ. വിവിധ സ്റ്റേഷനുകളായി പതിനേഴോളം മോഷണക്കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്. ചിങ്ങവനം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതിയായ ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ അറിയിക്കണമെന്ന് പൊലീസ് നിർദേശിച്ചു. ചങ്ങനാശ്ശേരി ഡിവൈ.എസ്.പി: 9497990263, ചിങ്ങവനം എസ്.എച്ച്.ഒ: 9497947162, ചിങ്ങവനം എസ്.ഐ : 9497980314. ചിങ്ങവനം സ്റ്റേഷൻ : 0481- 1430587.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.