മണപ്പുറം ഉദയ്പൂർ ശാഖ കൊള്ളയടിച്ചു; കവർന്നത് 23 കിലോ സ്വർണവും 10 ലക്ഷം രൂപയും
text_fieldsഉദയ്പൂര്‍: മണപ്പുറം ഫിനാൻസിന്റെ രാജസ്ഥാനിലെ ഉദയ്പൂർ ശാഖ അക്രമികൾ കൊള്ളയടിച്ചു. 23 കിലോ സ്വർണവും 10 ലക്ഷം രൂപയും കവർന്നു. ബൈക്കിലെത്തിയ അഞ്ചംഗ സംഘമാണ് കൊള്ള നടത്തിയത്. ജീവനക്കാരെ തോക്കിൻ മുനയിൽ നിർത്തി കവർച്ച നടത്തുന്ന സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചു. ഉദയ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
രാജസ്ഥാനിലെ ബിസിനസ് ഹബ്ബാണ് ഉദയ്പൂർ. അവിടെയുള്ള പ്രതാപ് നഗറിലാണ് പൊലീസിനെ ഞെട്ടിച്ച കവർച്ച അരങ്ങേറിയത്. തിങ്കളാഴ്ച രാവിലെ 9.30ഓടെയായിരുന്നു കവർച്ച. ബിൽഡിങിൽ ഒന്നാം നിലയിലാണ് മണപ്പുറം ഫിനാൻസ് പ്രവർത്തിക്കുന്നത്. മുൻവാതിലിലൂടെയാണ് അക്രമി സംഘം അകത്തേക്ക് കയറിയത്. ഇവിടെ സുരക്ഷാ ജീവനക്കാരൻ ഉണ്ടായിരുന്നില്ല. കവർച്ചാ സംഘം അകത്തേക്ക് കയറുമ്പോൾ അഞ്ച് ജോലിക്കാരും ഏതാനും ഇടപാടുകാരും മാത്രമാണ് ഓഫിസിലുണ്ടായിരുന്നത്. സംഘം ഓഫിസിലേക്ക് പ്രവേശിച്ചയുടനെ ബാഗിലുണ്ടായിരുന്ന തോക്കെടുക്കുകയും അവിടെയുള്ളവരോട് ഒരു മൂലയിലേക്ക് മാറാൻ ആവശ്യപ്പെടുകയുമായിരുന്നു.
പറയുന്നതിനനുസരിച്ച് പ്രവർത്തിച്ചില്ലെങ്കിൽ കൊന്നുകളയുമെന്ന ഭീഷണിയും മുഴക്കി. എല്ലാവരുടെയും മൊബൈൽ ഫോണുകൾ വാങ്ങിയ സംഘം ഓഫിസിലെ ലാൻഡ് ഫോൺ കണക്ഷൻ വിച്ഛേദിക്കുകയും ചെയ്തു. 'രാവിലെ ഇടപാടുകാരെ സ്വീകരിക്കാൻ തയ്യറായി നിൽക്കവയൊണ് കവർച്ചാസംഘം ഓഫിസിലെത്തിയതെന്ന് ഉദ്യോഗസ്ഥാനായ ദുർഗേഷ് ശർമ്മ പറയുന്നു. 'മുഖംമൂടി ധരിച്ച സംഘം പെട്ടെന്ന് ഓഫിസിലേക്ക് കയറുകയും ജോലി നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു. എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്ക് ആദ്യം മനസ്സിലായില്ല. അനങ്ങരുതെന്ന് ആവശ്യപ്പെട്ട സംഘം ഞങ്ങൾക്ക് നേരെ തോക്കു ചൂണ്ടി. ഞങ്ങളെല്ലാവരും പരിഭ്രാന്തരായി'- അദ്ദേഹം പറഞ്ഞു.
സംഘത്തിലെ ഒരാൾ പുറത്തെ വാതിലിൽ കാവൽ നിന്നപ്പോൾ രണ്ട് പേർ ഞങ്ങൾക്ക് നേരെ തോക്കുചൂണ്ടി. മറ്റുള്ളവർ പണവും സ്വർണവും കൈക്കലാക്കി, അദ്ദേഹം പറഞ്ഞു. അതേസമയം, കവർച്ചയുടെ സി.സി.ടി.വി ദൃശ്യങ്ങൾ വിശദമായി പരിശോധിക്കുകയാണ് പൊലീസ്. ഇടപാടുകാരെപ്പോലെയാണ് ഈ അഞ്ച് പേരും ഓഫിസിലേക്ക് കയറിവരുന്നതെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തം. കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്ക് ഉദയ്പൂരിലെ പ്രതാപ് നഗര്‍ ബ്രാഞ്ചിൽ മാത്രം 1,100 ഇടപാടുകാർ ഉണ്ട്. അന്വേഷണത്തിനായി പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.