മോഷ്ടിച്ച ബൈക്കിൽ കറങ്ങി കവർച്ച: രണ്ടുപേർ അറസ്റ്റിൽ
text_fieldsപെരിന്തൽമണ്ണ: മോഷ്ടിച്ച ബൈക്കുമായി കറങ്ങിനടന്ന് മോഷണം പതിവാക്കിയ രണ്ടുപേരെ പെരിന്തൽമണ്ണ പൊലീസ് പിടികൂടി. ആലപ്പുഴ ചേർത്തല പള്ളിപ്പുറംകര അമ്പനാട്ട് വീട്ടിൽ മഹേഷ് (46) ആലുവ അശോകപുരം കുറിയിക്കാട് വീട്ടിൽ മുഹമ്മദ് യാസീൻ (27) എന്നിവരെയാണ് എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്തത്.സെപ്റ്റംബർ 23ന് രാത്രി പെരിന്തൽമണ്ണ ജില്ല ആശുപത്രിക്ക് സമീപം കെ.എം കോംപ്ലക്സിൽ നിർത്തിയിട്ട ബൈക്കാണ് മോഷ്ടിച്ചത്. ഉടമ പുറത്തു പോയി തിരിച്ചുവന്ന സമയം ബൈക്ക് കാണാനില്ലായിരുന്നു.
തുടർന്ന് പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകി. അപരിചിതനായ വ്യക്തി ബൈക്കെടുത്ത് വേറൊരാളെ കയറ്റി കടന്നുപോവുന്ന ദൃശ്യം സി.സി.ടി.വിയിൽ പതിഞ്ഞതിന്‍റെ ചുവടുപിടിച്ചായിരുന്നു അന്വേഷണം. പിടിയിലായ മഹേഷിനെതിരെ സംസ്ഥാനത്ത് 40ഓളം കേസുകളുണ്ട്. റോഡുകളിൽനിന്നും വീടുകളിൽനിന്നും കമ്പികൾ, പൈപ്പ് എന്നിവ മോഷ്ടിച്ച് വിറ്റ കേസുകൾ യാസീന്‍റെ പേരിലുമുണ്ട്.പ്രതികളെ പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത് ജയിലിലയച്ചു.
മോഷ്ടിച്ച ബൈക്ക് ഇവരിൽനിന്ന് കണ്ടെടുത്തു. മോഷ്ടിച്ച ബൈക്കിൽ യാത്ര ചെയ്ത് അതേ ദിവസം രാത്രി ആളില്ലാത്ത വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ചതായി ചോദ്യം ചെയ്യലിൽ പ്രതികൾ പറഞ്ഞതായി പൊലീസ് അറിയിച്ചു.പെരിന്തൽമണ്ണ എസ്.എച്ച്.ഒ സി. അലവിയുടെ നിർദേശാനുസരണം എസ്.ഐ എ.എം. യാസിറിന്‍റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എ.എസ്.ഐ വിശ്വംഭരൻ, എസ്.സി.പി.ഒ കെ.എസ്. ഉല്ലാസ്, സി.പി.ഒമാരായ മിഥുൻ, ഷജീർ, സത്താർ, സൽമാൻ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.