ദേശീയപാത കേന്ദ്രീകരിച്ച് കവർച്ച; ആറംഗ സംഘം പിടിയിൽ
text_fieldsകൊണ്ടോട്ടി: കോഴിക്കോട് -പാലക്കാട് ദേശീയപാതയിലെ നെടിയിരുപ്പിൽ സ്കൂട്ടറിൽ പണവുമായി പോവുകയായിരുന്ന വള്ളുവമ്പ്രം സ്വദേശിയുടെ കണ്ണിൽ മുളക് സ്പ്രേ അടിച്ച് 9.5 ലക്ഷം കവർന്ന കേസിൽ കവർച്ചസംഘം പിടിയിലായി. തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അച്ഛനും മകനും ഉൾപ്പെട്ട ആറംഗ സംഘമാണ് പിടിയിലായത്. തൃശൂർ കൊടകര സ്വദേശി ജാക്കി ബിനു എന്ന പന്തവളപ്പിൽ ബിനു (40), നെല്ലായി സ്വദേശി തൈവളപ്പിൽ ഹരിദാസൻ (54), മകൻ തൈവളപ്പിൽ നിശാന്ത് (22), വടക്കേക്കാട് കല്ലൂർ സ്വദേശി അക്ഷയ് (21), അമ്മാടം സ്വദേശികളായ കിഴക്കേകുണ്ടിൽ നവീൻ (28), ആനക്കാരൻ സുധി (25) എന്നിവരാണ് പിടിയിലായത്. കവർച്ച നടന്നയുടൻ പ്രത്യേക അന്വേഷണസംഘം നടത്തിയ നിരീക്ഷണത്തിലാണ് സംഘം പിടിയിലായത്.
പ്രതികളെ ചോദ്യം ചെയ്തപ്പോൾ ആറുമാസം മുമ്പ് വള്ളുവമ്പ്രത്ത് 35 ലക്ഷത്തോളം രൂപ കവർന്ന സംഭവത്തിനും തുമ്പായി. പിടിയിലായ ഹരിദാസൻ വിവിധ ജില്ലകളിലായി ലഹരിക്കടത്ത്, കവർച്ച ഉൾപ്പെടെ 35ഓളം കേസുകളിലെ പ്രതിയാണ്. ബൈക്കിൽ കറങ്ങി സ്ത്രീകളുടെ മാല കവർച്ച ചെയ്ത സംഭവത്തിൽ പിടിക്കപ്പെട്ട ജാക്കി ബിനു രണ്ടുമാസം മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്. ഇയാളുടെ പേരിലും കവർച്ച, മോഷണം ഉൾപ്പെടെ 20ഓളം കേസുകളുണ്ട്. നിശാന്ത് വ്യാജ കറൻസി വിതരണം ചെയ്യാൻ ശ്രമിച്ചതിന് പിടിയിലായിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജറാക്കി. ജില്ല പൊലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എ.എസ്.പി വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തിൽ കൊണ്ടോട്ടി ഇൻസ്പെക്ടർ മനോജ്, എസ്.ഐ നൗഫൽ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.