മാല പൊട്ടിക്കൽ പരമ്പര; ഏഴംഗ സംഘം പിടിയിൽ
text_fieldsവർക്കല: മാല പൊട്ടിക്കൽ പരമ്പരയിലെ പ്രതികളായ ഏഴംഗസംഘം പിടിയിലായി. വർക്കല മുത്താന ചെമ്മരുതി ബി.എസ് നിവാസിൽ ചന്ദു എന്ന ശരത് (28), വടശ്ശേരിക്കോണം പനച്ചവിള വീട്ടിൽ ശ്രീക്കുട്ടൻ എന്ന ശ്രീകാന്ത് (27), പരവൂർ കുന്നിൽ വീട്ടിൽനിന്ന് ഞെക്കാട് വാടകക്ക് താമസിക്കുന്ന നന്ദു (18), ഞെക്കാട് തെറ്റിക്കുളം ചരുവിള വീട്ടിൽ അമൽ (22), തിരുവനന്തപുരം ആനയറ വെൺപാലവട്ടം ഈറോസ് കളത്തിൽ വീട്ടിൽനിന്ന് ഒറ്റൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുന്ന അഖിൽ (22), കല്ലമ്പലം മാവിൻമൂട് അശ്വതി ഭവനിൽ ആകാശ് (19) എന്നിവരാണ് അറസ്റ്റിലായത്. ഇവരെക്കൂടാതെ ഒരു വിദ്യാർഥിയും പിടിയിലായ സംഘത്തിലുണ്ട്.
കല്ലമ്പലം, അയിരൂർ, പാരിപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധികളിലായി ഒരു മാസത്തിനിടയിലാണ് പരമ്പരയായി സ്ത്രീകളെ ആക്രമിച്ച് മാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞത്. ഏഴംഗ സംഘത്തെ കല്ലമ്പലം പൊലീസും തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമും ചേർന്നാണ് പിടികൂടിയത്.
പിടിയിലായ ശരത് ആണ് സംഘത്തലവൻ. മാല പിടിച്ചുപറിക്കായി ഇരുചക്രവാഹനങ്ങൾ നൽകിയിരുന്നതും ഇയാളായിരുന്നു. കൃതൃത്തിനായി ഉപയോഗിച്ച രണ്ട് ടു വീലറുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പൊട്ടിച്ചെടുത്തു കൊണ്ടുവരുന്ന സ്വർണാഭരണങ്ങൾ പണയം വെക്കുന്നതും വിൽപന നടത്തിയിരുന്നതും ശരത്തിെൻറ നേതൃത്വത്തിലായിരുന്നു. ഒരേ സംഘമാണ് മാല പൊട്ടിക്കുന്നതെന്ന് പൊലീസ് മനസ്സിലാക്കാതിരിക്കാനായി ഓരോ പിടിച്ചുപറിക്ക് ശേഷവും സംഘാംഗങ്ങളെ ഇയാൾ മാറ്റിയിരുന്നു. പിടിയിലായ ശ്രീകാന്ത് നേരത്തേ അനവധി കേസുകളിൽപെട്ട് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്. കല്ലമ്പലം പൊലീസിെൻറ റൗഡി ലിസ്റ്റിൽപെട്ട ഇയാളാണ് മാലപൊട്ടിക്കുന്നതിൽ വിദഗ്ധൻ. ചെറിയ കച്ചവടം ചെയ്ത് ഉപജീവനം നടത്തിവന്നിരുന്ന പ്രായമായ സ്ത്രീകളെയും കാൽനട യാത്രക്കാരെയുമാണ് ഇയാളുടെ നേതൃത്വത്തിലുള്ള സംഘം ലക്ഷ്യംവെക്കുന്നത്.
പനയറ തൃപ്പൊരിട്ടക്കാവ് ക്ഷേത്രത്തിന് സമീപംവെച്ച് സൗമ്യയുടെ മാല പൊട്ടിച്ചതും നെല്ലിക്കോട് പനച്ചുവിള വീട്ടിൽ കമലമ്മയുടെ മലക്കറി കടയിൽ കയറി മാല പിടിച്ചുപറിച്ചതും കല്ലമ്പലം മേനപ്പാറ അമ്പിളി വിലാസത്തിൽ രത്നമ്മയുടെ പെട്ടിക്കടയിൽ കയറി മാല പൊട്ടിച്ചതും പനയറ കുന്നത്തുമല കുഴിവിള വീട്ടിൽ ഷീലയുടെ മാല വീടിന് മുൻവശത്തെ റോഡിൽെവച്ച് പൊട്ടിച്ചതും ഇവരുടെ സംഘമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇവർ പൊട്ടിച്ച സ്വർണാഭരണങ്ങളും പൊലീസ് കണ്ടെടുത്തു. കല്ലമ്പലം പൊലീസ് രജിസ്റ്റർ ചെയ്ത മൂന്ന് കേസും അയിരൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസും ഇതോടെ തെളിഞ്ഞു. പാളയംകുന്നിലും പാരിപ്പള്ളിയിലുമായി മൂന്നിടത്ത് ഇവർ പൊട്ടിച്ചത് മുക്കുപണ്ടങ്ങൾ ആയിരുന്നുവെന്നും തെളിഞ്ഞിട്ടുണ്ട്.
പരമ്പരയായി നടന്ന മാലപിടിച്ച് പറികളെ തുടർന്ന് തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവി പി.കെ മധുവിെൻറ മേൽനോട്ടത്തിൽ വർക്കല ഡിവൈ.എസ്.പി പി. നിയാസിെൻറയും ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം.കെ. സുൽഫിക്കറിെൻറയും നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രതികൾ ഇടയ്ക്ക് എറണാകുളത്ത് ലോഡ്ജിലേക്ക് താമസം മാറ്റിയിരുന്നു. കല്ലമ്പലം പൊലീസ് ഇൻസ്പെക്ടർ ഐ. ഫറോസിെൻറ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ശ്രീലാൽ ചന്ദ്രശേഖരൻ, ജയരാജ്, വിജയകുമാർ, അനിൽ, എ.എസ്.ഐ സലീം, സുനിൽ, സുനിൽകുമാർ,സി.പി.ഒ വിനോദ്, ഡാൻസാഫ് ടീമിലെ എ.എസ്.ഐ ബി. ദിലീപ്, ആർ. ബിജുകുമാർ, സി.പി.ഒ അനൂപ്, സുനിൽരാജ് എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്. ജില്ലക്കകത്തും പുറത്തുമായി അനവധി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞ് വേഗത്തിൽ പിടികൂടാൻ അന്വേഷണസംഘത്തിന് കഴിഞ്ഞത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തുടരന്വേഷണം നടത്തുമെന്ന് വർക്കല ഡിവൈ.എസ്.പി പി. നിയാസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.