മലഞ്ചരക്ക് മോഷണം: രണ്ടുപേർ പിടിയിൽ, പിടിയിലായവർ നിരവധി കേസുകളിലെ പ്രതികൾ
text_fieldsഎടവണ്ണ: മിനിലോറിയിൽ കറങ്ങി നടന്ന് മലഞ്ചരക്ക് മോഷണം നടത്തുന്ന രണ്ടുേപരെ എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. കാടാമ്പുഴ പിലാത്തറ സ്വദേശി ചെറുപറമ്പിൽ റഫീഖ് (42), അങ്ങാടിപ്പുറം ചെരക്കാപറമ്പ് സ്വദേശി പള്ളിപ്പുറം മുഹമ്മദാലി എന്ന ആലിപ്പു (44) എന്നിവരെയാണ് എസ്.എച്ച്.ഒ പി. വിഷ്ണുവിെൻറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
ഒക്ടോബർ 28ന് രാത്രി ആമയൂരിലെ അടക്ക കർഷകൻ ഇരുപ്പുകണ്ടൻ ഉണ്ണി തെയ്യെൻറ വീട്ടിൽനിന്ന് ഒന്നര ലക്ഷം രൂപയുടെ അടക്ക മോഷണം സംഭവത്തിൽ എടവണ്ണ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മിനി പിക്അപ് ലോറിയിൽ എത്തിയാണ് പ്രതികൾ മോഷണം നടത്തിയതെന്ന് കണ്ടെത്തിയിരുന്നു. സമാന രീതിയിൽ നവംബർ എട്ടിന് രാത്രി ചട്ടിപ്പറമ്പിനടുത്തുള്ള മുണ്ടക്കോട്ടുനിന്ന് ഷെഡിെൻറ പൂട്ടു പൊളിച്ച് ഒരുലക്ഷം രൂപയുടെ അടക്ക കവർന്നിരുന്നു.
ഇവിടെയും പ്രതികൾ ഈ വാഹനം ഉപയോഗിച്ചാണ് മോഷണം നടത്തിയതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമായി. തുടർന്ന് വിവിധ ഇടങ്ങളിൽ നടത്തിയ അന്വേഷണത്തിലാണ് സൂചന ലഭിച്ചത്. പ്രതികൾ മോഷണത്തിന് ഉപയോഗിച്ച മിനി ലോറി തകരാറിലായതിനെ തുടർന്ന് പെരിന്തൽമണ്ണയിലെ വർക്ഷോപ്പിലാണെന്നും കണ്ടെത്തി.
റഫീഖ് 2008-10 കാലഘട്ടങ്ങളിൽ പട്ടാമ്പി പെരിന്തൽമണ്ണ, വളാഞ്ചേരി, പരപ്പനങ്ങാടി സ്റ്റേഷനുകളിൽ ആരാധനാലയങ്ങൾ, ആക്രിക്കടകൾ തുടങ്ങിയവയിൽ മോഷണം നടത്തിയതിന് പിടിയിലായി ജയിൽവാസം അനുഭവിച്ചയാളും വിവിധ കോടതികളിൽ വിചാരണ നേരിടുന്നയാളുമാണ്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ഏഴോളം കഞ്ചാവുകേസുകളിൽ പ്രതിയും കാപ്പ ചുമത്തപ്പെട്ട് ഒരുവർഷത്തോളം ജയിൽവാസം അനുഭവിച്ചയാളുമാണ് മുഹമ്മദാലി എന്ന ആലിപ്പു. ബത്തേരിയിൽ വാഹന മോഷണത്തിനും വാഹനം തീവെച്ച് നശിപ്പിച്ചതിന് പെരിന്തൽമണ്ണയിലും കേസ് നിലവിലുണ്ട്.
പ്രതികളെ റിമാൻഡ് ചെയ്തു. പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.ഐ എം. അസൈനാർ, അഭിലാഷ് കൈപ്പിനി, ദിനേശ് ആമയൂർ, കെ.ടി. ആശിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ്, എടവണ്ണ സ്റ്റേഷനിലെ എസ്.ഐ രമേശ് ബാബു, എ.എസ്.ഐ ഇ. രമേശ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ പി. മനേഷ് കുമാർ, സി.ഡി. സുരേഷ്, അബൂബക്കർ, കെ.വി. കുരുവിള എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത് തുടരന്വേഷണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.