മാല പൊട്ടിച്ച് കവർച്ച; യുവാക്കൾ പിടിയിൽ
text_fieldsവടക്കഞ്ചേരി: വടക്കഞ്ചേരി മേഖലയിൽ വിവിധ കവർച്ച സംഭവങ്ങളിൽ പ്രതികളായ യുവാക്കൾ പിടിയിൽ. കിഴക്കഞ്ചേരി ഇളങ്കാവ് സ്വദേശി റിൻഷാദ് (22), കിഴക്കഞ്ചേരി കുന്നങ്കാട് സ്വദേശി ഷാബിർ (22) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ റേഷൻ കടയിലേക്ക് പോകുകയായിരുന്ന കുറുവായ് സ്വദേശി മീനാക്ഷിയുടെ (75) രണ്ടര പവെൻറ മാല സ്കൂട്ടറിലെത്തി ഇരുവരും കവർന്നിരുന്നു. ഇരുചക്രവാഹനത്തിലെത്തി മാല പൊട്ടിച്ച് മുങ്ങുന്ന സംഘം മേഖലയിൽ പരിഭ്രാന്തി പടർത്തിയതോടെയാണ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് പൊലീസ് അന്വേഷണം ഉൗർജിതമാക്കിയത്.
ഇരുവരും മേഖലയിലെ പ്രധാന ലഹരി ഇടപാടുകാരാണെന്ന് പൊലീസ് പറഞ്ഞു. കവർച്ചക്ക് ശേഷം മൂന്നാറിലെയും തമിഴ്നാട്ടിലെയും സുഖവാസ കേന്ദ്രങ്ങളിലേക്ക് കടന്നെങ്കിലും സി.സി.ടി.വി ദൃശ്യങ്ങളടക്കം ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. മുടപ്പല്ലൂർ ചെല്ലുപടിയിൽ സ്ത്രീയുടെ മാല പൊട്ടിച്ചതും വടക്കഞ്ചേരി ഡയാന ഹോട്ടലിന് പിൻവശം ചുണ്ടക്കാട് സ്ത്രീയുടെ മാല പൊട്ടിച്ചതും ഇരുവരും ചേർന്നാണെന്ന് പൊലീസിന് മൊഴി നൽകി.
റിൻഷാദിനെതിരെ അടിപിടി, വധശ്രമം, ലഹരിമരുന്ന് കച്ചവടം എന്നിങ്ങനെ കേസുകളുള്ളതായി പൊലീസ് പറഞ്ഞു. ലഹരിമരുന്ന് വാങ്ങുന്നതിനും ആഡംബരത്തിനും പണം കണ്ടെത്താനാണ് കവർച്ച നടത്തിയതെന്ന് ഇരുവരും പൊലീസിനോട് സമ്മതിച്ചു. മോഷണത്തിനുപയോഗിച്ച സ്കൂട്ടർ, രക്ഷപ്പെടാൻ ഉപയോഗിച്ച കാർ, പ്രതികൾ കവർച്ച ചെയ്ത് പണയം വെച്ച സ്വർണമാല എന്നിവ പൊലീസ് കണ്ടെടുത്തു. തെളിവെടുപ്പിന് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും. ചിറ്റൂർ എ.എസ്.പി പദംസിങ്, നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി സി.ഡി. ശ്രീനിവാസൻ, ആലത്തൂർ ഡിവൈ.എസ്.പി കെ.എം. ദേവസ്യ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.
വടക്കഞ്ചേരി ഇൻസ്പെക്ടർ എം. മഹേന്ദ്രസിംഹൻ, സബ് ഇൻസ്പെക്ടർ എസ്. അനീഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ബാബു, ദിലീപ് ഡി. നായർ, പ്രത്യേക അന്വേഷണ സംഘത്തിലുൾപ്പെട്ട എ.എസ്.ഐ സുനിൽ കുമാർ, റഹിം മുത്തു, ആർ.കെ. കൃഷ്ണദാസ്, യു. സൂരജ് ബാബു, കെ. ദിലീപ്, ബി. ഷിബു, പി. വിനു എന്നിവരാണ് കേസന്വേഷണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.