യുവാവ് കുഴഞ്ഞു വീണ് മരിച്ച സംഭവം: നരഹത്യ കുറ്റമടക്കം നാലു വകുപ്പുകൾ കൂടിചേർത്തു
text_fieldsവടകര: പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് പൊലീസ് സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞു വീണ് മരിച്ച സംഭവത്തിൽ സംസ്ഥാന ക്രൈം ബ്രാഞ്ച് നാലു വകുപ്പുകൾ കൂടി കൂട്ടിച്ചേർത്തു. ഐ.പി.സി 304 (മനപ്പൂർവമല്ലാത്ത നരഹത്യ), 323 (കൈകൊണ്ട് അടിച്ച് പരിക്കേൽപിക്കൽ), 325 (മാരകായുധംകൊണ്ട് പരിക്കേൽപിക്കൽ), 341 (തടഞ്ഞുവെക്കൽ) എന്നീ വകുപ്പുകളാണ് കൂട്ടിച്ചേർത്തത്.
10 വർഷം മുതൽ ജീവപര്യന്തം ശിക്ഷവരെ ലഭിക്കാവുന്നതാണ് ഇത്. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പൊലീസ് റിപ്പോർട്ട് നൽകിയത്. സംഭവത്തിൽ നേരത്തെ ഐ.പി.സി 174 പ്രകാരം അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരുന്നത്.
പൊലീസ് കസ്റ്റഡിയിൽ മർദനമേറ്റാണ് കല്ലേരി സ്വദേശി താഴെ കൊയിലോത്ത് സജീവൻ മരിച്ചതെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു. തുടർന്ന് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. ക്രൈം ബ്രാഞ്ച് എസ്.പി മൊയ്‌തീൻ കോയയുടെ നേതൃത്വത്തിൽ ഡിവൈ.എസ്.പി ടി. സജീവൻ നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വകുപ്പുകൾ കൂട്ടിച്ചേർത്തത്. ഇതുസംബന്ധിച്ച് ആർ.ഡി.ഒക്കും റിപ്പോർട്ട് നൽകിയിട്ടുണ്ട്.
കുറ്റകൃത്യത്തിന്റെ പ്രഥമ വിവര റിപ്പോർട്ട് അഞ്ചു ദിവസത്തിനകം കോടതിയിൽ സമർപ്പിക്കുമെന്ന് ആർ.ഡി.ഒ സി. ബിജു പറഞ്ഞു. അതേസമയം സജീവന്റെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന മജിസ്റ്റീരിയൽ അന്വേഷണത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് പരാതി ബോധിപ്പിക്കാനുണ്ടെങ്കിൽ ഏഴ് ദിവസത്തിനകം മജിസ്‌ട്രേറ്റിനെ നേരിട്ട് അറിയിക്കണമെന്ന് കേസിന്റെ എൻക്വയറി ഓഫിസറായ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഉത്തരവ് പുറപ്പെടുവിച്ചു.
സംഭവത്തിൽ എസ്.ഐ എം. നിജേഷ്, എ.എസ്.ഐ അരുൺ, പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഗിരീഷ്, വയർലെസ് സംവിധാനം കൈകാര്യം ചെയ്തിരുന്ന സി.പി.ഒ പ്രജീഷ് എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.