കഞ്ചാവ് വിൽപന; യുവാവ് പിടിയിൽ
text_fieldsകട്ടപ്പന: വിദ്യാർഥികൾക്ക് അടക്കം കഞ്ചാവ് വിൽപന നടത്തുകയും കഞ്ചാവ് നട്ട് പരിപാലിക്കുകയും ചെയ്ത യുവാവ് പിടിയിൽ. ഇരട്ടയാർ ടണൽസൈറ്റ് ഓലിക്കരോട്ട് വീട്ടിൽ പ്രവീൺ ജോസഫ് ആണ് (36) പിടിയിലായത്. സ്വന്തം വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുകയും വീടിനോട് ചേർന്ന് നാല് കഞ്ചാവ് തൈകൾ നട്ടു പരിപാലിക്കുന്നതായും പൊലീസ് കണ്ടെത്തി. ഇയാളുടെ വീട്ടിൽ കഞ്ചാവ് വാങ്ങാൻ ആളുകൾ വന്നുപോകുന്നത് ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് നാട്ടുകാർ പൊലീസിന് വിവരം നൽകുകയായിരുന്നു.
പിടികൂടുമ്പോൾ ഇയാളുടെ കൈവശം ആറു പൊതി കഞ്ചാവ് ഉണ്ടായിരുന്നു. ഇടനിലക്കാരുടെ പങ്കും പരിശോധിച്ചു വരുകയാണെന്ന് കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ് മോൻ പറഞ്ഞു. അന്വേഷണസംഘത്തിൽ കട്ടപ്പന എസ്.ഐ ലിജോ പി. മണി, ജില്ല ഡാൻസാഫ് ടീം അംഗങ്ങളായ സതീഷ്, സുദീപ്, അനൂപ്, ബിനീഷ്, ടോം സ്കറിയ എന്നിവരും ഉണ്ടായിരുന്നു.
മോഷണക്കേസ് പ്രതി പിടിയിൽ
മുട്ടം: മോഷണക്കേസ് പ്രതി മുട്ടം പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം പേപ്പാറ സ്വദേശി പുത്തൻവീട് സോമുരാജ് (സന്തോഷ് - 39) ആണ് പിടിയിലായത്. നിലവിൽ സോമുരാജ് മുട്ടം ശങ്കരപ്പള്ളിയിലാണ് താമസം. റബർ മരത്തിന്റെ ചുവട്ടിലെ മൺപാലുകളും വീടുകളിൽ ഉണക്കാൻ ഇടുന്ന റബർഷീറ്റുകളും മോഷ്ടിക്കുന്നതാണ് ഇയാളുടെ രീതി. ചെറിയ രീതിയിലുള്ള മോഷണം ആയതിനാൽ ആരും പരാതി നൽകിയിരുന്നില്ല. എന്നാൽ, തൊട്ടടുത്ത വീടുകളിൽനിന്ന് മോഷണം പെരുകിയതോടെയാണ് പരാതി വന്നത്. പ്രതിയെ കസ്റ്റഡിയിലെടുത്ത പൊലീസ് ഞായറാഴ്ച കോടതിയിൽ ഹാജരാക്കും.
അനധികൃതമായി തടി കയറ്റി വന്ന ജീപ്പ് പിടികൂടി
അടിമാലി: ടാക്സും ഇൻഷുറൻസും രജിസ്ട്രേഷനുമില്ലാതെ അനധികൃതമായി തടി കയറ്റി വന്ന ജീപ്പ് ആർ.ടി.ഒ നേരിട്ട് പിടിച്ചെടുത്തു. അടിമാലി-കുമളി 185 ദേശീയപാതയിൽ കല്ലാർകുട്ടിക്ക് സമീപം ആയിരം ഏക്കറിലാണ് വാഹനം പിടികൂടിയത്. അടിമാലിയിൽ നടക്കുന്ന ഹെവി വാഹനങ്ങളുടെ ടെസ്റ്റിനാണ് ഇടുക്കി ആർ.ടി.ഒ രമണൻ രാമകൃഷ്ണനും സംഘവും എത്തിയത്. ഇതിനിടെയാണ് വാഹനം ശ്രദ്ധയിൽപെട്ടത്. വാഹനം പൊലീസ് സ്റ്റേഷനിലേക്കു മാറ്റി. രാജകുമാരി മുരുക്കുംതൊട്ടി സ്വദേശി മോഹനന്റെ ഉടമസ്ഥസ്ഥതയിലുള്ളതാണ് വാഹനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.