തവണവ്യവസ്ഥയിൽ ചാരായ വിൽപന; 'നന്മമരം' പിടിയിൽ
text_fieldsഈരാറ്റുപേട്ട : മൂന്നിലവിൽ വമ്പൻ വാറ്റ് കേന്ദ്രം എക്സൈസ് തകർത്തു. ഈരാറ്റുപേട്ട എക്സൈസ് ഇൻസ്പെക്ടർ വൈശാഖ് വി.പിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് കാച്ചിക്ക അപ്പച്ചൻ എന്ന് അറിയപ്പെടുന്ന മൂത്തേടത്ത് വീട്ടിൽ ദേവസ്യയെ (65)അറസ്റ്റ് ചെയ്തത്.
വൻതോതിൽ ചാരായം നിർമിച്ചുവന്നിരുന്ന ഇയാൾ തവണകളായി പണം അടച്ചാൽ മതി എന്നതിനാലും ആവശ്യക്കാർക്ക് ആവശ്യപ്പെടുന്ന സ്ഥലത്ത് ചാരായം എത്തിച്ചുനൽകുന്നതിനാലും ഉപഭോക്താക്കൾക്കിടയിൽ 'നന്മമരം' എന്നാണറിയപ്പെടുന്നത്.
ഇയാൾ മുമ്പ് നിരവധി കേസുകളിൽ പ്രതിയാണ്. നാട്ടുകാർക്ക് നിരന്തരം ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്ന ഇയാൾ പരാതി മൂലം മൂന്നിലവ് ഉപ്പിടുപാറയിൽ ആളൊഴിഞ്ഞ ഭാഗത്ത് വീട് വാടകക്ക് എടുത്തതായിരുന്നു ചാരായം നിർമിച്ചുവന്നത്.
ഇയാളിൽനിന്ന് എട്ടുലിറ്റർ ചാരായവും 100 ലിറ്റർ വാഷും ചാരായ നിർമാണ ഉപകരണങ്ങളും കണ്ടെത്തി. കുറച്ചു ദിവസങ്ങളായി ഇയാളുടെ നീക്കങ്ങൾ ഷാഡോ എക്സൈസ് അംഗങ്ങളായ വിശാഖ്, നൗഫൽ കരിം, നിയാസ് എന്നിവർ നിരീക്ഷിച്ചുവരുകയായിരുന്നു. അറസ്റ്റ് ചെയ്ത സംഘത്തിൽ ഓഫിസർമാരായ മനോജ് , മുഹമ്മദ് അഷ്റഫ്, അജിമോൻ, റോയ് വർഗീസ്, സുരേന്ദ്രൻ, സുവി ജോസ്, സി.ബി. സുജാത , ഷാനവാസ് എന്നിവർ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.