പട്ടംകോളനി മേഖലയില്‍ ചന്ദനമര മോഷണം പതിവ്
text_fieldsനെടുങ്കണ്ടം: പട്ടംകോളനി മേഖലയില്‍ ചന്ദനമരം മോഷണവും മോഷണശ്രമവും തുടർക്കഥ. തൂക്കുപാലം അമ്പതേക്കർ ഭാഗത്താണ് കഴിഞ്ഞ ദിവസം മോഷണശ്രമം നടന്നത്. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ 36 സെ.മീറ്റർ വലുപ്പമുള്ള മരങ്ങളാണ് മുറിച്ചിട്ടത്.
ഒരാഴ്ച മുമ്പ് തൂക്കുപാലത്ത് 53 സെ.മീറ്റർ വലുപ്പവും ആറ് മീറ്റർ നീളവുള്ള ചന്ദനമരങ്ങളാണ് മുറിച്ചിട്ട നിലയിൽ കണ്ടെത്തിയത്. കുരുവിക്കാനത്തും സമാന സംഭവം കണ്ടെത്തി. തൂക്കുപാലം മേഖലയിൽ മാത്രം രണ്ടാഴ്ചക്കിടെ അഞ്ചോളം ചന്ദനമര മോഷണങ്ങളാണ് നടന്നത്.
ഏതാനും ആഴ്ചകൾക്ക് മുമ്പ് തൂക്കുപാലം അമ്പതേക്കര്‍ ഭാഗത്തുനിന്നും സ്വകാര്യ വ്യക്തിയുടെ ഒരുലക്ഷത്തോളം രൂപ വില വരുന്നതും 46 സെന്റീമീറ്റര്‍ വലുപ്പവുമുള്ള ചന്ദനമരമാണ് മുറിച്ച് കടത്തിയത്. ചുവടെ മുറിച്ചശേഷം തായ്ത്തടി എടുത്തശേഷം ബാക്കി ഭാഗം ഉപേക്ഷിച്ച നിലയിലായിരുന്നു.
സമീപത്തെ മറ്റ് ചില മരങ്ങളും മുറിച്ചുകടത്താന്‍ ശ്രമം നടത്തിയിരുന്നു. ജില്ലയില്‍ മറയൂർ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ചന്ദനമരങ്ങളുള്ളത് പട്ടംകോളനി മേഖലയിലെ സ്വകാര്യ ഭൂമിയിലാണ്. ഇവിടങ്ങളില്‍നിന്നും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ 300ലധികം ചന്ദന മരങ്ങളാണ് മോഷ്ടിച്ചത്.
തമിഴ്‌നാട്ടില്‍നിന്ന് എത്തിയ സംഘമാണ് മോഷണങ്ങൾക്ക് പിന്നിലെന്നാണ് സംശയം. റവന്യൂ ഭൂമിയില്‍നിന്നും സ്വകാര്യ പുരയിടത്തില്‍നിന്നുമാണ് ചന്ദനമരങ്ങള്‍ അന്ന് മോഷണം പോയത്. നെടുങ്കണ്ടം, എഴുകുംവയല്‍, വലിയതോവാള, തൂക്കുപാലം, രാമക്കല്‍മേട്, ചോറ്റുപാറ മേഖലകളില്‍നിന്നും നൂറോളം ചന്ദനമരങ്ങളാണ് രണ്ടു വര്‍ഷത്തിനിടയില്‍ മുറിച്ചുകടത്തിയത്.
എന്നാൽ, ഒരു കേസില്‍പോലും പ്രതികളെ കണ്ടെത്താനായിട്ടില്ല. ആഴ്ചകൾക്ക് മുമ്പ് രാമക്കൽമേട് ബാലൻപിള്ള സിറ്റിയിൽനിന്നും ചന്ദനമരങ്ങൾ മുറിച്ചുകടത്തിയിരുന്നു. എന്നാൽ, അന്വേഷണം എങ്ങും എത്തിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.