മറയൂർ കാടുകളിൽ വീണ്ടും ചന്ദനക്കള്ളന്മാർ വിലസുന്നു
text_fieldsമറയൂർ: മറയൂർ കാടുകളിൽ വീണ്ടും ചന്ദന മര മോഷണം വ്യാപകമാകുന്നു. ശനിയാഴ്ച രാത്രി നാച്ചി വയൽ റിസർവിൽ നിന്നും നാല് ചന്ദനമരങ്ങളാണ് മുറിച്ചുകടത്തിയത്. മുറിച്ച ചന്ദനമരങ്ങളിൽ ഭാഗികമായി മാത്രമാണ് കൊണ്ടുപോയത്. മറയൂർ-മൂന്നാർ റോഡ് കോഴിപണ്ണ ഭാഗത്ത് സംരക്ഷണവേലിക്കകത്ത് കടന്നാണ് മോഷ്ടാക്കൾ ചന്ദനം മുറിച്ചത്. വാച്ചർമാർ രാത്രികാല പട്രോളിങ് ഉദ്യോഗസ്ഥർ നടത്തുന്നതിനിടയിലാണ് രാത്രി 9.30നും പത്തിനുമിടയിൽ ചന്ദനം മോഷ്ടിക്കപ്പെട്ടതായി പറയപ്പെടുന്നത്.
പത്ത് മാസത്തിനിടെ കടത്തിയത് ഒമ്പത് മരം
പത്ത് മാസത്തിനിടെ മറയൂരിലെ വനമേഖലയിൽ നിന്നും സ്വകാര്യ ഭൂമിയിൽ നിന്നുമായി മോഷ്ടാക്കൾ വെട്ടിക്കടത്തിയത് ഒമ്പത് മരങ്ങളാണ്. പുറംലോകം അറിയാതെ വേറെയും ഒട്ടേറെ മരങ്ങൾ മോഷ്ടിക്കപ്പെട്ടതായും സൂചനയുണ്ട്.
സമീപകാലത്ത് ചന്ദന റിസർവുകളിൽ നിന്ന് ആറ് ചന്ദന മരങ്ങളാണ് മുറിച്ചുകടത്തിയത്. മറയൂരിൽ ഒരിടവേളക്ക് ശേഷം ചന്ദന മോഷണങ്ങൾ നടക്കുകയും മോഷ്ടാക്കളെ പിടിക്കുകയും ചെയ്തതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. രാപകൽ വനംവകുപ്പ് ഉദ്യോഗസ്ഥരും ജീവനക്കാരും റോഡിലൂടെ പട്രോളിങ് നടത്തുന്നതിനിടെ ചെറുവാഹനങ്ങളിലടക്കമാണ് ചന്ദനം കടത്തുന്നത്. സമീപകാലത്ത് നടന്ന അന്വേഷണത്തിനൊടുവിൽ 19 പ്രതികളെ പിടികൂടിയിരുന്നു.
ഒരാഴ്ചക്കിടെ പിടിയിലായത് ആറുപേർ
നാച്ചിവയൽ ചന്ദന റിസർവിൽ നിന്ന് നവംബർ ആറിന് നാല് ചന്ദനമരങ്ങൾ മോഷ്ടിച്ച് കടത്തിയ കേസിൽ തിരുവനന്തപുരം കടയ്ക്കാവൂർ തെക്കുംഭാഗം സ്വദേശി ലിജു (35), പട്ടിക്കാട് സ്വദേശി മണികണ്ഠൻ (28), എന്നിവർ പിടിയിലായതോടെയാണ് ഒരാഴ്ചയ്ക്കിടെ ആറ് മോഷ്ടാക്കൾക്കാണ് വലയിലായത്.
എറണാകുളം വെങ്ങോല വാളൂരാൻ വീട്ടിൽ അബ്ദുൽ ജലീൽ (33), പുളിക്കരവയൽ സ്വദേശി രാജേഷ്കുമാർ (26), മൈക്കിൾഗിരി സ്വദേശി മനോജ്കുമാർ (22) എന്നിവരെയും അതിന് മൂന്നുദിവസം മുൻപ് ശിവ എന്നറിയപ്പെടുന്ന ശരത്തിനെയും അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രധാന പ്രതിയായ ലിജുവിനെയും വനം വകുപ്പ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.