ആക്രി വ്യാപാരത്തിന്റെ മറവിൽ ചന്ദന ഇടപാട്: 2906 കിലോ ചന്ദനവുമായി പ്രതി അറസ്റ്റിൽ
text_fieldsഒറ്റപ്പാലം: ആക്രി ഗോഡൗണിൽ അനധികൃതമായി സൂക്ഷിച്ച 2906 കിലോ ചന്ദനശേഖരം പൊലീസ് പിടികൂടി. ആക്രി വ്യാപാരത്തിന്റെ മറവിൽ ചന്ദന ഇടപാട് നടത്തിവന്ന ഓങ്ങലൂർ വാടാനാംകുറുശ്ശി പുതുക്കാട്ടിൽ ഹസനെ (32) അറസ്റ്റ് ചെയ്തു. ഇയാളുടെ പാവുക്കോണം കോട്ടകുളത്തുള്ള തറവാട് വീടിനോട് ചേർന്നുള്ള ഷെഡിലാണ് ആക്രി സാധനങ്ങൾക്കിടയിൽ രഹസ്യമായി ചന്ദന മരം സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ ദിവസം വാണിയംകുളത്തെ സ്വകാര്യ വ്യക്തിയുടെ വളപ്പിൽനിന്ന് ചന്ദന മരം മോഷണം പോയതുമായി ബന്ധപ്പെട്ട അന്വേഷണമാണ് പൊലീസിനെ വൻ ചന്ദന വേട്ടയിൽ കൊണ്ടെത്തിച്ചത്. ജില്ല പൊലീസ് മേധാവി ആർ.ആനന്ദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
50 പെട്ടികളിലായി ചന്ദനപ്പൊടി, ചീളുകൾ, ചന്ദന തടി കഷണം എന്നീ രൂപത്തിലാണ് കണ്ടെടുത്തത്. മരം മുറിക്കുന്നതിനുള്ള ഉപകരണങ്ങളും കസ്റ്റഡിയിലെടുത്തു. വിവിധയിടങ്ങളിൽനിന്ന് ശേഖരിക്കുന്ന ചന്ദനമരം ആക്രി ഗോഡൗണിലെത്തിച്ച് വ്യാപാരം നടത്തുകയാണെന്നാണ് വിവരം.
ഒറ്റപ്പാലം എസ്.ഐ ടി.പി. ഫർഷാദിന്റെ നേതൃത്വത്തിൽ എസ്.ഐ കെ.ജി. ജയപ്രദീപ്, സുധീഷ്, ഷിജിത്ത്, രാമദാസ്, പ്രതാപൻ, ജയരാജൻ, ഹർഷാദ്, സജിത്ത്, രാജൻ, വിജയ് തുടങ്ങിയവരടങ്ങിയ സംഘമാണ് ചന്ദനവും പ്രതിയെയും പിടികൂടിയത്. രണ്ട് ലോഡുകളായി ചന്ദനം പൊലീസ് സ്റ്റേഷനിലെത്തിച്ചു. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.