സഞ്ജിത് വധം: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി
text_fieldsകൊച്ചി: പാലക്കാട്ടെ ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിന്‍റെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. സഞ്ജിത്തിന്‍റെ ഭാര്യ അർഷികയാണ് ഹൈകോടതിയെ സമീപിച്ചത്.
സഞ്ജിത്തിന്‍റെ കൊലപാതകം നടന്നിട്ട് ഒരു മാസം കഴിഞ്ഞു. മൂന്നു പ്രതികളെ മാത്രമാണ് പൊലീസ് പിടികൂടിയിട്ടുള്ളത്. അന്വേഷണം കാര്യക്ഷമമല്ല. പ്രതികളെ പിടികൂടാൻ സി.ബി.ഐ അന്വേഷണം അനിവാര്യമാണെന്നും ഇതിന് ഉത്തരവിടണമെന്നും ഹർഷിത ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
നവംബർ 15നാണ് ആർ.എസ്.എസ് തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷൺ പ്രമുഖ് എലപ്പുള്ളി സ്വദേശി സഞ്ജിത്തിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. മമ്പ്രത്തെ ഭാര്യാ വീട്ടിൽ നിന്നും ഭാര്യയുമായി ബൈക്കിൽ വരികയായിരുന്ന സഞ്ജിത്തിനെ ആക്രമിക്കുകയായിരുന്നു.
വെള്ള നിറത്തിലുള്ള മാരുതി 800 കാറിലാണ് സംഘമെത്തിയത്. വിജനമായ സ്ഥലത്ത് വച്ച് ബൈക്ക് തടഞ്ഞ ശേഷമായിരുന്നു ആക്രമണം.
ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിന്‍റെ മരണം രാഷ്ട്രീയ കൊലപാതകമെന്നാണ് എഫ്.ഐ.ആർ റിപ്പോർട്ടിലുള്ളത്. കണ്ടാലറിയാവുന്ന അഞ്ചു പേരാണ് കൊലപാതകം നടത്തിയത്. അക്രമികൾ കൊലക്ക് ഉപയോഗിച്ച നാല് വാളുകൾ പാലക്കാട്-തൃശൂർ ദേശീയപാതയിൽ കണ്ണനൂരിൽ നിന്ന് ചാക്കിൽപ്പൊതിഞ്ഞ നിലയിൽ കണ്ടെടുത്തിരുന്നു.
അക്രമിസംഘത്തിൽ അഞ്ച് പേരുണ്ടായിരുന്നുവെന്നും മാസ്‌കോ മുഖംമൂടിയോ ധരിച്ചിരുന്നില്ലെന്നും പ്രതികളെ കണ്ടാൽ തിരിച്ചറിയാനാകുമെന്നും അർഷിക പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സഞ്ജിത്തിന്‍റെ തലയിൽ മാത്രം ആറുവെട്ടുകളടക്കം ശരീരത്തിൽ മുപ്പതോളം വെട്ടുകളാണുള്ളതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
പാലക്കാട് ഡിവൈ.എസ്.പി പി.സി. ഹരിദാസ്, ആലത്തൂർ ഡിവൈ.എസ്.പി കെ.എം. ദേവസ്യ ഉൾപ്പെടെ 34 അംഗ പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.