ലോക്കൽ സെക്രട്ടറിയുടെ കൊല; പ്രതികാരത്തിന് കാരണം അവഗണനയെന്ന് മൊഴി
text_fieldsകൊയിലാണ്ടി: സി.പി.എം കൊയിലാണ്ടി സെന്റർ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.വി. സത്യനാഥന്റെ കൊലക്കു പിന്നിൽ പാർട്ടിയിൽനിന്ന് നേരിട്ട അവഗണനയെന്ന് പ്രതിയുടെ മൊഴി. പൊലീസ് റിമാൻഡ് റിപ്പോർട്ട് ഇക്കാര്യം അടിവരയിടുന്നു.
തന്നെ ഒതുക്കിയതും പാർട്ടിയിൽനിന്ന് പുറത്താക്കാനുള്ള കാരണവും സത്യനാഥനാണെന്ന് പ്രതി അഭിലാഷ് വിശ്വസിച്ചിരുന്നു. നേതാക്കൾക്ക് സംരക്ഷകനായിനിന്ന തനിക്ക് മറ്റു പാർട്ടിക്കാരിൽനിന്ന് മർദനമേറ്റപ്പോൾ സത്യനാഥൻ കുറ്റപ്പെടുത്തി. അവഗണന സഹിക്കാൻ പറ്റാതായതോടെയാണ് കൊലപ്പെടുത്തിയത്. ക്ഷേത്രത്തിൽ സത്യനാഥൻ ഇരിക്കുന്നത് കണ്ടു. മദ്യപിച്ച് കത്തിയെടുത്ത് എത്തി പിന്നിലൂടെ വന്ന് വായ് പൊത്തിപ്പിടിച്ച് കഴുത്തിന്റെ ഇരുവശത്തും കുത്തിയിറക്കുകയായിരുന്നു. കൊല്ലണം എന്ന ഉദ്ദേശ്യത്തോടുകൂടി തന്നെയാണ് കൃത്യം നടത്തിയത്. കഴകപ്പുരയുടെ പിന്നിലൂടെ നടന്ന് ക്ഷേത്രത്തിന്റെ പിൻവശത്തെ മതിൽ ചാടി റോഡിലിറങ്ങി. ഇതേസമയം, കത്തി അടുത്ത പറമ്പിലേക്ക് വലിച്ചെറിഞ്ഞു. സ്റ്റീൽ ടെക് റോഡുവഴി കൊയിലാണ്ടിയിലേക്ക് വേഗത്തിൽ എത്താവുന്ന മാർഗത്തിലൂടെ നടന്നു. റെയിൽവേ സ്റ്റേഷൻ കടന്ന് രാത്രി 11ഓടെ പൊലീസ് സ്റ്റേഷനിലെത്തി. വരുന്ന വഴിയിൽ നാലുപേർ തന്നെ കണ്ടതായും അഭിലാഷ് പൊലീസിനോട് പറഞ്ഞു.
കോവിഡിനു ശേഷം ഒന്നരക്കൊല്ലം ഗൾഫിലായിരുന്നു. അവിടുന്ന് വരുമ്പോൾ വാങ്ങിയ കത്തിയാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്നും അഭിലാഷ് മൊഴി നൽകി. എന്തിനാണ് കൊലപാതകം നടത്താൻ ക്ഷേത്രം തിരഞ്ഞെടുത്തത് എന്ന ചോദ്യത്തിന്, പെട്ടെന്ന് അങ്ങനെ തോന്നി, ചെയ്തു എന്നായിരുന്നു മറുപടി. തന്റെ വീടിന്റെ മുന്നിലൂടെ നിരന്തരം പോകുന്ന സത്യനാഥനെ നേരത്തെ അപായപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും മൊഴിയിലുണ്ട്.
കൊയിലാണ്ടി കോടതി റിമാൻഡ് ചെയ്ത പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ ഉടൻ സമർപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു. കൊയിലാണ്ടി പെരുവട്ടൂരിലെ ചെറിയപുറം ക്ഷേത്രോത്സവത്തിനിടെ വ്യാഴാഴ്ച രാത്രിയാണ് സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.വി. സത്യനാഥനെ കൊലപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.