ദേവസ്വം ബോർഡിലും ബിവറേജസ് കോർപറേഷനിലും ജോലിതട്ടിപ്പ്; ഒരാൾകൂടി അറസ്റ്റിൽ
text_fieldsമാവേലിക്കര: ദേവസ്വം ബോർഡിലും ബിവറേജസ് കോർപറേഷനിലും ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങൾതട്ടിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. മാവേലിക്കര, കൊയ്പള്ളിക്കാരാഴ്മ ശ്രേഷ്ഠം വീട്ടിൽ ആദിത്യനാണ് (24) അറസ്റ്റിലായത്.
ദേവസ്വം ബോർഡിന്റെ ഉള്ളൂർ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ വാച്ചർ ജോലി നൽകാമെന്നു വിശ്വസിപ്പിച്ച് നാലര ലക്ഷം രൂപ കല്ലുമല ഉമ്പർനാട് സ്വദേശി അനീഷ് കുമാറിൽനിന്ന് കബളിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.
കേസിൽ ചെട്ടികുളങ്ങര കടവൂർ പത്മാലയം പി. രാജേഷ് (34), പേള പള്ളിയമ്പിൽ വി. അരുൺ (24) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. മുഖ്യപ്രതി ചെട്ടികുളങ്ങര കടവൂർ കല്ലിട്ടകടവിൽ വി. വിനീഷ് ഉൾപ്പെടെ നാല് പേരെ കൂടി പിടികൂടാൻ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.
വിനീഷ് ഒളിവിലാണ്. വാർത്തകൾ വന്നതോടെ കബളിപ്പിക്കപ്പെട്ട നിരവധി പേർ പരാതിയുമായി മാവേലിക്കര പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. തുടർന്ന് രണ്ടു കേസുകൾകൂടി പൊലീസ് രജിസ്റ്റർ ചെയ്തു.
വള്ളികുന്നം സ്വദേശി അഖിലിന്റെ പക്കൽനിന്ന് നാല് ലക്ഷം, ഏറ്റുമാനൂർ ദേവസ്വം അസി. കമീഷണർ ഓഫിസിൽ പ്യൂൺ ആയി ജോലി ലഭ്യമാക്കാനായി ഉമ്പർനാട് സ്വദേശി കൃഷ്ണൻകുട്ടിയിൽനിന്ന് അഞ്ചരലക്ഷം രൂപയും തട്ടിയ കേസുകളാണ് കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്തത്.
ദേവസ്വം ബോർഡ്, ബിവറേജസ് കോർപറേഷൻ എന്നിവിടങ്ങളിൽ ക്ലർക്ക്, അറ്റൻഡർ, പ്യൂൺ തസ്തികകളിൽ ജോലി വാഗ്ദാനം ചെയ്താണ് സംഘം പണം തട്ടിയത്.
വൈക്കം ക്ഷേത്ര കലാപീഠത്തിൽ ക്ലർക്ക് തസ്തികയിൽ ജോലി വാഗ്ദാനം ചെയ്ത് എരുവ സ്വദേശിയിൽ നിന്നും 3.25 ലക്ഷം രൂപ കൈപ്പറ്റി. തുടർന്ന് കേരള ദേവസ്വം റിക്രൂട്മെന്റ് ബോർഡിന്റെ വ്യാജ ലെറ്റർപാഡിൽ വ്യാജ സീൽ പതിച്ചു നിയമന ഉത്തരവ് തപാലിൽ അയച്ചു.
ഈ ഉത്തരവുമായി ജോലിക്കെത്തിയ എരുവ സ്വദേശിയുടെ രേഖകൾ പരിശോധിച്ച ദേവസ്വം അധികൃതരാണ് നിയമന ഉത്തരവ് വ്യാജമാണെന്ന് കണ്ടെത്തി ജില്ല പൊലീസ് മേധാവിക്ക് വിവരം കൈമാറിയത്. വ്യാജരേഖ ചമയ്ക്കൽ ഉൾപ്പെടെ വിനീഷിനെതിരെ അഞ്ചോളം കേസുകൾ രജിസ്റ്റർ ചെയ്തു. വരുംദിവസങ്ങളിൽ കൂടുതൽ പ്രതികൾ വലയിലാകുമെന്നാണ് സൂചന. 65 പേർക്ക് പണം നഷ്ടമായതായാണ് പ്രാഥമിക വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.