വ്യാജ ആർ.സി നിർമിച്ച് വാഹന വിൽപന; നാലുവർഷത്തിനുശേഷം പ്രതികൾ പിടിയിൽ
text_fieldsമാഹി: കമീഷൻ ഏജന്റ് മുഖേന ബൈക്ക് വാങ്ങിയ മാഹി സ്വദേശി കബളിക്കപ്പെട്ടു. മാഹി ചെമ്പ്രയിലെ പ്രദീപാണ് തട്ടിപ്പിന് ഇരയായത്. 2019 ലാണ് കേസിനാസ്പദമായ സംഭവം. 68,000 രൂപക്ക് പ്രദീപ് കമീഷൻ ഏജന്റായ കോട്ടയം സ്വദേശി ലിനീഷ് ജെയ്മസിൽ നിന്നാണ് ബൈക്ക് വാങ്ങിയത്.
സംഭവത്തിൽ ഡൽഹി സ്വദേശികളായ ആഷ് മുഹമ്മദ് എന്ന ബാബുഖാൻ (40), കിഷോർ കുമാർ എന്ന അശോക് എന്ന അങ്കിൾജി (41) എന്നിവർ അറസ്റ്റിലായി. ഇതിനിടെ പ്രദീപ് ഈ ബൈക്ക് മാഹിയിൽ രജിസ്ട്രേഷനുവേണ്ടി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ ഓഫിസിൽ രേഖകൾ ഹാജരാക്കിയിരുന്നു.
മാഹി ആർ.ടി.ഒ എൻ.ഒ.സി ശരിയാക്കാൻ ഡൽഹി ആർ.ടി.ഒവുമായി ബന്ധപ്പെട്ടപ്പോഴാണ് ഡൽഹിയിലെ പൊലീസിൽനിന്ന് ലേലത്തിൽ പോയ ബൈക്കിന്റെ നമ്പറാണ് മാഹി സ്വദേശി വാങ്ങിയതിനുള്ളതെന്ന് മനസ്സിലായത്. ഇതിനിടെ ഡൽഹി പൊലീസ് മാഹിയിലെത്തി വ്യാജ ആർ.സിയിൽ ഓടിക്കൊണ്ടിരുന്ന ബൈക്ക് പ്രദീപിൽനിന്നും പിടികൂടി മാഹി പൊലീസിൽ ഏൽപിച്ചിരുന്നു.
തുടർന്ന് നിരപരാധിയായ പ്രദീപ് മാഹി പൊലീസിൽ, കമീഷൻ ഏജൻറിൽ നിന്ന് വാങ്ങിയ ബൈക്കാണെന്ന് അറിയിക്കുകയും കോട്ടയം സ്വദേശിയുടെ പേരിൽ പരാതി നൽകുകയും ചെയ്തു. മാഹി പൊലീസ് അന്വേഷണം നടത്തിയപ്പോൾ കമീഷൻ ഏജൻറായ ലിനീഷ് ജെയിംസ് വിദേശത്താണെന്ന് മനസ്സിലായി. പൊലീസ് തുടരന്വേഷണം നടത്തവേ കഴിഞ്ഞവർഷം ഏപ്രിൽ 10ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽവെച്ച് ഇയാളെ മാഹി പൊലീസ് പിടികൂടി മാഹി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കമീഷൻ ഏജൻറിനെ ചോദ്യം ചെയ്തപ്പോഴാണ് ഡൽഹി ഉദയ് വിഹാർ തേർഡ് ഫേസിലെ നൻഗോളി സ്വദേശികളായ ആഷ് മുഹമ്മദ് ബാബു ഖാൻ, കിഷോർ കുമാർ എന്നിവരിൽനിന്നാണ് ബൈക്ക് വാങ്ങിയതെന്ന് മനസ്സിലായത്. ഇതിനിടെ പുതുച്ചേരി എസ്.എസ്.പിയുടെ നിർദേശ പ്രകാരം മാഹി പൊലീസ് സൂപ്രണ്ട് രാജശേഖർ വെള്ളാട്ടിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് അന്വേഷണം മുന്നോട്ടുപോകുമ്പോൾ കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവെക്കുകയായിരുന്നു. ഡൽഹിയിലെ മായാപ്പുരിയിൽ ആക്രിക്കട നടത്തുന്ന മുഹമ്മദ് ഖാൻ കൂട്ടാളി കിഷോർ കുമാറിന്റെ സഹായത്തോടെ ഡൽഹി പൊലീസിന്റെ ലേലത്തിൽപോയ ബൈക്കിന്റെ രേഖകൾ കമീഷൻ ഏജന്റ് വഴി തരപ്പെടുത്തി പ്രദീപന് വിൽപന നടത്തിയ വാഹനത്തിന്റേതാക്കി മാറ്റുകയായിരുന്നു. ഇരുവരെയും മാഹി സർക്കിൾ ഇൻസ്പെക്ടർ എ. ശേഖറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കഴിഞ്ഞ ഒമ്പതിന് ഡൽഹിയിൽ അറസ്റ്റ് ചെയ്ത് ഡൽഹി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയശേഷം മാഹിയിൽ കൊണ്ടുവന്നു.ഇരുവരെയും തിങ്കളാഴ്ച മാഹി കോടതിയിൽ ഹാജരാക്കുമെന്ന് മാഹി പൊലീസ് സൂപ്രണ്ട് രാജശേഖർ വെള്ളാട്ട് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
എ.എസ്.ഐമാരായ കിഷോർ കുമാർ, എം. സുനിൽ കുമാർ, പി.വി. പ്രസാദ്, ഹെഡ് കോൺസ്റ്റബിൾ വിനീഷ് കുമാർ, പി.സി. ശ്രീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.