''സ്ഥലംമാറ്റം വേണമെങ്കിൽ ഭാര്യയെ ഒരു രാത്രി തനിക്കൊപ്പം അയക്കണം''; ഉന്നത ഉദ്യോഗസ്ഥന്‍റെ ഭീഷണിയിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു
text_fieldsലഖ്നോ: ജോലിയിൽ സ്ഥലംമാറ്റം വേണമെങ്കിൽ ഭാര്യയെ ഒരു രാത്രി തനിക്കൊപ്പം അയക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതിനെ തുടർന്ന് യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ പവർ കോർപ്പറേഷൻ ജീവനക്കാരനായ ഗോകുൽ പ്രസാദ് [45] ആണ് മരിച്ചത്. സംഭവത്തെ തുടർന്ന് ജൂനിയർ എൻജിനീയർ നാഗേന്ദ്ര കുമാറിനും ക്ലർക്കിനുമെതിരെ പൊലീസ് കേസെടുത്തു. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് ഗോകുലിന്‍റെ മരണം.
ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് ഗോകുൽ പകർത്തിയ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അതിൽ അദ്ദേഹത്തെ കടുത്ത നടപടിയിലേക്ക് നയിച്ച സംഭവങ്ങളുടെ ക്രമം വിവരിക്കുന്നത് കാണാം. ജൂനിയർ എൻജിനീയറും കൂട്ടാളിയുമാണ് തന്നെ ഉപദ്രവിച്ചതെന്ന് വിഡിയോയിൽ പറയുന്നുണ്ട്. മൂന്ന് വർഷത്തിലേറെയായി രണ്ട് പ്രതികളും ഭർത്താവിനെ പീഡിപ്പിക്കുകയാണെന്ന് ഗോകുലിന്റെ ഭാര്യയും ആരോപിച്ചു. പൊലീസിനെ സമീപിച്ചിരുന്നെങ്കിലും പരാതിയിൽ ഒരു നടപടിയും ഉണ്ടായില്ലെന്നും അവർ കൂട്ടിച്ചേർത്തു.
''വിഷാദത്തെ തുടർന്ന് ഗോകുൽ മരുന്ന് കഴിക്കുകയായിരുന്നു. അലിഗഞ്ചിലേക്ക് സ്ഥലമാറ്റം കിട്ടിയപ്പോൾ യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് കാരണമാണ് അദ്ദേഹം വീടിനടുത്തുള്ള സ്ഥലത്തേക്ക് മാറ്റം ആവശ്യപ്പെട്ടത്. അപ്പോഴാണ് ജൂനിയർ എൻജിനിയർ അപമര്യാദയോടെ സംസാരിച്ചത്. പണം ആവശ്യപ്പെട്ട് അയാൾ ഭർത്താവിനെ പീഡിപ്പിക്കുമായിരുന്നു. ഉപദ്രവത്തെ തുടർന്ന് പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും വേണ്ട നടപടി ഉണ്ടായിരുന്നില്ല'' -ഗോകുൽ പ്രസാദിന്‍റെ ഭാര്യ വ്യക്തമാക്കി.
ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ജൂനിയർ എൻജിനീയർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ലഖിംപൂർ എസ്.പി സഞ്ജീവ് സുമൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.