മിശ്രവിവാഹിതരായ ദമ്പതികളെ കൊന്ന കേസിൽ പിതാവും സഹോദരനും അറസ്റ്റിൽ
text_fieldsമുംബൈ: മിശ്രവിവാഹം കഴിച്ച മകളെയും ഭർത്താവിനെയും കൊലപ്പെടുത്തിയ കേസിൽ 50കാരനെയും മകനെയും മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തു. ഗുൽനാസ്, ഭർത്താവ് കരൺ രമേഷ് ചന്ദ്ര (22) എന്നിവരെ കൊന്ന കേസിൽ ഗോറ ഖാൻ, മകൻ സൽമാൻ ഗോറ ഖാൻ എന്നിവരാണ് പിടിയിലായത്. സൽമാന്റെ സുഹൃത്ത് മുഹമ്മദ് ഖാനുമായി ചേർന്നാണ് ദമ്പതികളെ കൊല്ലാൻ പദ്ധതിയിട്ടതെന്ന് പൊലീസ് പറയുന്നു.
വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് ഗുൽനാസ് ഒരു ഹിന്ദു യുവാവിനെ വിവാഹം കഴിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചത്. തെളിവ് നശിപ്പിക്കാനാണ് മൃതദേഹങ്ങൾ വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിച്ചതെന്ന് പ്രതികൾ മൊഴിനൽകിയതായി പൊലീസ് പറഞ്ഞു.
ശനിയാഴ്ച മാൻഖുർദ് പ്രദേശത്തെ കിണറ്റിൽ നാട്ടുകാർ അജ്ഞാത മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. വിവരം നാട്ടുകാർ ഗോവണ്ടി പൊലീസിൽ അറിയിച്ചു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാൾ യു.പി സ്വദേശി കരൺ രമേഷ് ചന്ദ്ര (22) ആണെന്ന് തിരിച്ചറിഞ്ഞത്. മൂർച്ചയേറിയ ആയുധമുപയോഗിച്ച് കഴുത്തറുത്തതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി.
രണ്ട് ദിവസത്തിന് ശേഷം തിങ്കളാഴ്ച പൻവേലിലെ കാട്ടിൽ ഗുൽനാസിന്റെ മൃതദേഹവും സമാനരീതിയിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് ഇരുവരും തമ്മിലുള്ള ബന്ധം പുറത്തറിഞ്ഞത്.
“അന്വേഷണത്തിൽ അവർ ഉത്തർപ്രദേശിൽ നിന്നുള്ള ദമ്പതികളാണെന്ന് കണ്ടെത്തി. കൊല്ലപ്പെടുന്നതിന് കുറച്ച് ദിവസം മുമ്പാണ് ഇവിടെ എത്തിയത്” -പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. ഗുൽനാസിന്റെ പിതാവ് ഗോറ ഖാൻ ദമ്പതികളെ മുംബൈയിലേക്ക് ക്ഷണിക്കുകയും മുൻകൂട്ടി ആസൂത്രണം ചെയ്തതനുസരിച്ച് കൊലപ്പെടുത്തുകയും ചെയ്തതാണെന്ന് പൊലീസ് പറയുന്നു.
സംഭവത്തിൽ പങ്കാളികളായ പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളെ പൊലീസ് ചൊവ്വാഴ്ച പിടികൂടിയിരുന്നു. പ്രതികൾക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.