പണയം വെച്ച ഏഴ് കോടിയുടെ സ്വർണം വിറ്റത് വിവാദത്തിൽ
text_fieldsപറവൂർ: നടപടി ക്രമങ്ങൾ പാലിക്കാതെ പറവൂർ താലൂക്ക് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫിസിലും ശാഖകളിലും പണയം വെച്ച കാലാവധി കഴിഞ്ഞ സ്വർണാഭരണങ്ങൾ സ്വകാര്യ വ്യക്തിക്ക് തൂക്കി വിറ്റത് വിവാദമായി.
2016 മുതൽ 2018 വരെ മാത്രം 7 കോടിയിൽപരം രൂപയുടെ സ്വർണാഭരണങ്ങളാണ് വിൽപന നടത്തിയത്. ഇടപാടിൽ ബാങ്കിന് 1.68 കോടി രൂപ നഷ്ടം വന്നതായി സഹകരണ വകുപ്പിന്റെ ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. ബാങ്കിന്റെ മുൻ സെക്രട്ടറിയും ഇപ്പോഴത്തെ സെക്രട്ടറിയും ഭരണ സമിതിയിലെ ചിലരും ചേർന്നാണ് അഴിമതി നടത്തിയതെന്ന് ബാങ്ക് അംഗം കെ.പി. അനിൽകുമാർ സഹകരണ വകുപ്പ് രജിസ്ട്രാർക്ക് നൽകിയ പരാതിയിൽ പറയുന്നു.
റൂറൽ എസ്.പിക്കും പരാതി നൽകിയിട്ടുണ്ട്. എൽ.ഡി.എഫാണ് ബാങ്ക് ഭരിക്കുന്നത്. പണയം വെച്ചവർക്ക് നടപടിയുടെ ഭാഗമായി നോട്ടീസ് അയക്കുകയോ പത്രപരസ്യം നൽകി പരസ്യ ലേലം നടത്തുകയോ ചെയ്യാതെയാണ് സ്വർണം സ്വകാര്യ വ്യക്തിക്ക് വിറ്റത്. വിൽപന നടത്താൻ ഭരണ സമിതി തീരുമാനമെടുത്തിരുന്നോ എന്ന് വ്യക്തമല്ല.
മുൻ സെക്രട്ടറിയും ഇന്റേണൽ ഓഡിറ്ററായിരുന്ന നിലവിലെ സെക്രട്ടറിയും ഭരണ സമിതിയിലെ ചിലരും ചേർന്നാണ് നൂറുകണക്കിന് സഹകാരികളെ വഞ്ചിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തതെന്നാണ് ആരോപണം. സ്വർണ ഇടപാടിൽ നഷ്ടമായ തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും തിരിച്ചുപിടിക്കണമെന്ന സഹകരണ ജോയന്റ് ഡയറക്ടറുടെ ഉത്തരവ് ബാങ്ക് അധികൃതർ നടപ്പാക്കിയില്ലെന്നും അനിൽകുമാർ പറഞ്ഞു.
ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തി അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ കേസ് എടുക്കണമെന്നും മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് അനു വട്ടത്തറ, ബ്ലോക്ക് സെക്രട്ടറിമാരായ എൻ. മോഹനൻ, രമേഷ് ഡി കുറുപ്പ് എന്നിവർ ആവശ്യപ്പെട്ടു. വിഷയത്തിൽ അംഗങ്ങൾക്ക് സൗജന്യ നിയമ സഹായം നൽകാനും തീരുമാനിച്ചു. എന്നാൽ, സ്വർണ വിപണിയിൽ ഉണ്ടായ വിലക്കുറവാണ് ബാങ്കിന് തുക കുറവു ലഭിക്കാൻ കാരണമായതെന്ന് പ്രസിഡൻറ് കെ.എ. വിദ്യാനന്ദൻ പറഞ്ഞു. ഇതു സംബന്ധിച്ച വിശദീകരണം ബന്ധപ്പെട്ട അധികൃതർക്ക് നൽകിയിട്ടുണ്ട്. വായ്പക്കാരിൽനിന്നും ബാക്കി തുക ഈടാക്കാൻ ആവശ്യമായ നിയമനടപടികൾ നടന്നുവരുന്നു.
ലഭിക്കാനുള്ള തുക കണക്കിൽ ചേർത്ത് ബാങ്കിന്റെ വാർഷിക പൊതുയോഗത്തിൽ അംഗീകരിച്ചതാണ്. ഓഡിറ്റിങ്ങിൽ ഈ തുക കരുതൽ ധനമായി സൂക്ഷിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പുള്ള കാര്യം ഇപ്പോൾ ഉന്നയിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും വിദ്യാനന്ദൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.