കേന്ദ്ര വാഴ്സിറ്റിയിൽ ലൈംഗികാതിക്രമം; വിദ്യാർഥികൾ പ്രതിഷേധത്തിൽ
text_fieldsകാസർകോട്: കേരള കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥിനികളോട് മോശമായി പെരുമാറിയ ഇംഗ്ലീഷ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസർ ഇഫ്തിക്കർ അഹമ്മദിനെ യൂനിവേഴ്സിറ്റിയിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥി സംഘടനകൾ രംഗത്ത്. എസ്.എഫ്.ഐ.,എ.ബി.വി.പി, എ.എസ്.എ., എൻ.എസ്.യു.ഐ സംഘടനകളാണ് അധ്യാപകനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രംഗത്തിറങ്ങിയിരിക്കുന്നത്. തന്റെ ഡിപ്പാർട്മെന്റിലെ പെൺകുട്ടിയോട് മര്യാദയുടെ എല്ലാ സീമകളും ലംഘിച്ച് പെരുമാറിയ അധ്യാപകനെ പുറത്തക്കണമെന്ന് എസ്.എഫ്.ഐ ആവശ്യപ്പെട്ടു.
മദ്യപിച്ചു ക്ലാസിലെത്തുന്ന ഇയാളിൽനിന്നും സമാനമായ അനുഭവങ്ങൾ മറ്റ് വിദ്യാർഥികളും തുറന്നുപറഞ്ഞതോടെയാണ് വൈസ്ചാൻസലർ മുമ്പാകെ വിദ്യാർഥികൾ ഒന്നടങ്കം പരാതിയുമായി രംഗത്തുവന്നത്. മുമ്പ് പഠിപ്പിച്ച തലശ്ശേരി ബ്രണ്ണൻ കോളേജിലും, വനിത കോളജിലും സ്വഭാവദൂഷ്യത്തിന്റെ പേരിൽ ഇയാളെ മാറ്റിനിർത്തിയിരുന്നു. ക്ലാസ് മുറികളിൽ ലൈംഗിക ചുവയോടെ സംസാരിക്കുകയും വിദ്യാർഥികളെ സമീപിക്കുകയും ചെയ്യുന്നതിനോടൊപ്പം ഒരു അധ്യാപകന്റെ മാന്യതകളെ ചോദ്യംചെയ്യും വിധത്തിൽ സമൂഹ മാധ്യമത്തിൽ നിരന്തരം അശ്ലീല പരാമർശങ്ങളടങ്ങിയ പോസ്റ്റുകളിടുന്നതും ഇയാളുടെ മറ്റൊരു ഹോബിയാണ്.
വ്യാജ എഴുത്തുകൾ മാസികകൾക്ക് അയച്ചുകൊടുത്തും വാങ്ങാത്ത അവാർഡുകൾ നേടി എന്ന് കാട്ടി പൊതുസമൂഹത്തെ കബളിപ്പിച്ചും ഫോട്ടോഷോപ്പിൽ മുഖം വെട്ടിമാറ്റി പത്രമാസികകളിൽ നൽകിയും നേരത്തെയും ഒരുപാട് തട്ടിപ്പുകൾ ഇയാൾ നടത്തിയിട്ടുണ്ടെന്ന് എസ്.എഫ്.ഐ ആരോപിച്ചു. ഇത്തരം വിഷയങ്ങളിൽ പരാതിപ്പെടാൻ പറ്റാത്ത വിധത്തിൽ പുതിയ വിദ്യാഭ്യാസ നയത്തിലെ ഇന്റേണൽ മാർക്ക് സംവിധാനവും ഇവർ പിടിവള്ളിയാക്കി മാറ്റുന്നു. അധ്യാപകനെ കോളേജിൽനിന്നും പുറത്താക്കണമെന്ന് എസ്.എഫ്.ഐ ജില്ല സെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.