ബസിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം, പ്രതി പിടിയിൽ
text_fieldsകല്ലമ്പലം: കെ.എസ്.ആർ.ടി.സി ബസിൽ നഴ്സിങ് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കൊല്ലം ഈസ്റ്റ് കല്ലട പഴയൂർ മൂന്നുപ്ലാവിൻമൂട് വീട്ടിൽ രൂപേഷ് ആണ്(29) പിടിയിലായത്.
ഉച്ചക്ക് രണ്ടിന് കൊല്ലത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസിലാണ് സംഭവം. ബസിൽ ഒരുപാട് സീറ്റുകൾ ഒഴിഞ്ഞു കിടക്കെ പെൺകുട്ടിയുടെ സമീപം വന്നിരുന്ന പ്രതി പെൺകുട്ടിയെ ശല്യം ചെയ്തു. ശല്യം സഹിക്കവയ്യാതായപ്പോൾ പെൺകുട്ടി സീറ്റ് മാറാൻ ശ്രമിച്ചത് പ്രതി തടസ്സപ്പെടുത്തി. ബലമായി സീറ്റിൽനിന്നിറങ്ങാൻ ശ്രമിച്ച പെൺകുട്ടിയെ വീണ്ടും കടന്നു പിടിച്ചു. ഇതു ശ്രദ്ധയിൽപെട്ട വനിതാ കണ്ടക്ടർ പെൺകുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. പ്രതി കൊട്ടിയത്തുനിന്നാണ് കയറിയത്. പാരിപ്പള്ളി കഴിഞ്ഞതോടെ ശല്യം അതിരുവിടുകയും കണ്ടക്ടറും യാത്രക്കാരും ഇടപെടുകയും ചെയ്തു. തുടർന്ന് ബസ് കല്ലമ്പലം പൊലീസ് സ്റ്റേഷനിലേക്ക് ഡ്രൈവർ എത്തിച്ചു. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ യാത്രക്കാർ ബലമായി തടഞ്ഞുവെച്ച് കല്ലമ്പലം പൊലീസിൽ ഏൽപ്പിച്ചു. പ്രതിക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് കല്ലമ്പലം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.