ലൈംഗികാതിക്രമം: മേക്കപ്പ്മാൻ വിദേശത്തേക്ക് കടന്നു, പ്രതിക്കെതിരെ ഒരു പരാതി
text_fieldsകൊച്ചി: വിവാഹ മേക്കപ്പിനിടെ ലൈംഗികാതിക്രമം നടത്തിയ മേക്കപ്പ്മാനെതിരെ ഒരു യുവതി കൂടി പരാതി നൽകി. പൊലീസ് പരാതി പരിശോധിച്ചു വരികയാണെന്ന് റിപ്പോർട്ട്.
അതേസമയം, എറണാകുളം ചളിക്കവട്ടത്തെ ബ്രൈഡൽ മേക്കപ്പ് സ്റ്റുഡിയോ ഉടമ കാക്കനാട് സ്വദേശി അനീസ് അൻസാരി വിദേശത്തേക്ക് കടന്നതായി സൂചന. സ്റ്റുഡിയോയിൽ വെച്ച് പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തി ഒരാഴ്ച മുമ്പ് യുവതികൾ സമൂഹമാധ്യമത്തിൽ മീ ടൂ പോസ്റ്റ് ഇട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രതി ദുബൈയിലേക്ക് കടന്നതെന്ന് സംശയിക്കുന്നു.
വിവാഹ മേക്കപ്പിനിടെ ലൈംഗികാതിക്രമം നടത്തിയ മേക്കപ്പ്മാനെതിരെ യുവതികളുടെ പരാതിയിൽ കേസെടുത്തിട്ടുണ്ട്. കേരളത്തിന് പുറത്ത് താമസിക്കുന്ന മൂന്ന് യുവതികളാണ് സിറ്റി പൊലീസ് കമീഷണർ സി.എച്ച്. നാഗരാജുവിന് പരാതി നൽകിയത്.
വിവാഹത്തിന് ഒരാഴ്ച മുമ്പ് സ്റ്റുഡിയോയിൽ എത്തിയപ്പോൾ പ്രതി വസ്ത്രങ്ങൾ അഴിച്ചുമാറ്റുകയും അപമര്യാദയോടെ പെരുമാറുകയും ചെയ്തെന്നാണ് അനുഭവം പങ്കുവെച്ച ആദ്യ യുവതിയുടെ പരാതി. ഇതോടെ മേക്കപ്പ് ചെയ്യുന്നത് നിർത്താൻ ആവശ്യപ്പെട്ടെന്നും ബുക്കിങ് റദ്ദാക്കിയെന്നും മേക്കപ്പ്മാന്റെ പ്രവൃത്തി കടുത്ത മാനസികപ്രശ്നങ്ങൾക്ക് വഴിവെച്ചെന്നും യുവതി വെളിപ്പെടുത്തിയിരുന്നു. ആദ്യം പരാതി നൽകിയ യുവതി മറ്റ് യുവതികൾ നേരിട്ട അനുഭവങ്ങൾ കൂടി സ്വന്തം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു.
സമൂഹമാധ്യമത്തിൽ മീ ടൂ പോസ്റ്റ് ഇട്ടത് ശ്രദ്ധയിൽപെട്ട ഉടനെ സ്വമേധയ അന്വേഷണം ആരംഭിച്ചതായി സി.എച്ച്. നാഗരാജു പറഞ്ഞു. പ്രതിയുടെ മൊബൈൽ ഫോൺ ഓഫാണെന്നും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും കമീഷണർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.