നാട്ടുവൈദ്യൻ ഷാബ ഷെരീഫ് വധം; മുഖ്യപ്രതിയുടെ അഭിഭാഷകർ സി.ബി.ഐക്കൊപ്പം നിലമ്പൂരിലെത്തി
text_fieldsനിലമ്പൂർ: മൈസൂരുവിലെ നാട്ടുവൈദ്യൻ ഷാബാ ഷെരീഫ് വധക്കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ അഭിഭാഷകർ സി.ബി.ഐക്കൊപ്പം നിലമ്പൂരിലെത്തി. നവംബർ ഒന്നിന് കേസ് വിചാരണ തുടങ്ങാനിരിക്കെയാണ് സി.ബി.ഐ ഉദ്യോഗസ്ഥർ അടക്കമുള്ള അന്വേഷണ സംഘത്തോടൊപ്പം അഭിഭാഷകർ ഷൈബിൻ അഷറഫിന്റെ മുക്കട്ടയിലെ വീട്ടിൽ എത്തിയത്. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കൃഷ്ണൻ നമ്പൂതിരി, സി.ബി.ഐ പ്രതിനിധി എന്നിവർക്കൊപ്പമാണ് അഭിഭാഷകൻ രഞ്ജിത്ത് മാരാരുടെ പ്രതിനിധി അഡ്വ. എം.ജെ. സന്തോഷ് തെളിവെടുപ്പിനെത്തിയത്.
കേസ് അന്വേഷണ ഉദ്യോഗസ്ഥരായ മുൻ നിലമ്പൂർ ഇൻസ്പെക്ടർ പി. വിഷ്ണു, നിലമ്പൂർ ഇൻസ്പെക്ടർ സുനിൽ പുളിക്കൽ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. ശനിയാഴ്ച രാവിലെ 11.40ഓടെയാണ് മുക്കട്ടയിലെ വീട്ടിലെത്തിയത്. ഇവിടെ വെച്ചാണ് മൈസൂരു സ്വദേശി നാട്ടുവൈദ്യൻ ഷാബ ഷെരീഫിനെ തടങ്കലിൽ പാർപ്പിച്ച് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പ്രതിഭാഗം അഭിഭാഷകരും അന്വേഷണ ഉദ്യോഗസ്ഥരും ഷൈബിന്റെ വീട്ടിനുള്ളിലും പരിസരത്തുനിന്നും തെളിവുകൾ ശേഖരിച്ചു.
നവംബർ ഒന്നിന് മഞ്ചേരി അഡീഷനൽ കോടതി ഒന്നിൽ ജഡ്ജി എസ്. നസീറ മുമ്പാകെ കേസ് വിചാരണ തുടങ്ങും. വിചാരണക്ക് മുന്നോടിയായി മഹസറിൽ പറഞ്ഞ പ്രകാരമുള്ള തെളിവുകൾ ഉണ്ടോയെന്ന് പരിശോധിക്കാനാണ് എത്തിയതെന്ന് പ്രതിഭാഗം അഭിഭാഷകൻ എം.ജെ. സന്തോഷ് പറഞ്ഞു. മുഖ്യപ്രതി ഷൈബിൻ അഷ്റഫ് അബൂദബി ഇരട്ട കൊലപാതകത്തിലും മുഖ്യപ്രതിയാണ്. ഈ കേസ് സി.ബി.ഐ ആണ് അന്വേഷിക്കുന്നത്.
ഈ സാഹചര്യത്തിലാണ് സി.ബി.ഐ കൂടി സ്ഥലത്തെത്തിയത്. 2019 ആഗസ്റ്റിൽ മൈസൂരിൽനിന്നും തട്ടിക്കൊണ്ടുവന്ന നാട്ടുവൈദ്യനെ ഒന്നരവർഷതോളം മുക്കട്ടയിലെ വീട്ടിൽ ബന്ദിയാക്കി പീഡിപ്പിച്ചശേഷം ഷൈബിൻ അഷ്റഫും കൂട്ടാളികളും ക്രൂരമായി കൊലപ്പെടുത്തി എന്നാണ് പൊലീസ് കണ്ടെത്തൽ. മൃതദേഹം വെട്ടിനുറുക്കി ചാക്കിലാക്കി എടവണ്ണ പാലത്തിൽനിന്ന് ചാലിയാറിൽ തള്ളിയെന്നാണ് പ്രതികൾ നൽകിയ മൊഴി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.