ശാന്തിമഠം വില്ല തട്ടിപ്പ്: ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
text_fieldsഗുരുവായൂർ: ശാന്തിമഠം വില്ല തട്ടിപ്പുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞിരുന്ന ഒരു പ്രതി കൂടി അറസ്റ്റിൽ. ശാന്തിമഠം ബിൽഡേഴ്സ് ആൻഡ് ഡെവലപ്പേഴ്സ് മാനേജിങ് പാർട്ണർ നോർത്ത് പറവൂർ തെക്കേനാലുവഴി ശാന്തിമഠം വീട്ടിൽ മഞ്ജുഷയാണ് (45) അറസ്റ്റിലായത്. ഗുരുവായൂർ സ്റ്റേഷൻ പരിധിയിൽ ശാന്തിമഠം വില്ല പ്രോജക്ട് എന്നപേരിൽ വില്ലകൾ നിർമിച്ചുകൊടുക്കാമെന്ന് പറഞ്ഞ് നിക്ഷേപകരിൽനിന്ന് പണം വാങ്ങിയ ശേഷം വില്ല പൂർത്തിയാക്കാതെ വഞ്ചിച്ചെന്നാണ് കേസ്.
ഇതുമായി ബന്ധപ്പെട്ട് 2012-2018 കാലത്ത് ഗുരുവായൂർ പൊലീസ് സ്റ്റേഷനിൽ നൂറിലധികം കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. അതിൽ 31ലധികം കേസുകളിൽ മഞ്ജുഷ പ്രതിയാണ്. അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും പ്രതികൾ വിചാരണക്ക് ഹാജരാകാതെ ഒളിവിൽ കഴിയുകയായിരുന്നു. കോടതി വാറൻറ് പുറപ്പെടുവിച്ചതിനെ തുടർന്ന് സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോയുടെ നിർദേശാനുസരണം എ.സി.പി കെ.എം. ബിജു, സ്പെഷൽ ബ്രാഞ്ച് എ.സി.പി കെ. സുഷീർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. വിവിധയിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ മാളയിൽനിന്നാണ് പിടികൂടിയത്. ഗുരുവായൂർ സ്റ്റേഷൻ ഇൻസ്പെക്ടർ സി. പ്രേമാനന്ദകൃഷ്ണൻ, എ.എസ്.ഐ വിപിൻ, സിവിൽ പൊലീസ് ഓഫിസർമാരായ അനസ്, സൗമ്യശ്രീ, സിറ്റി സ്ക്വാഡ് അംഗങ്ങളായ എസ്.ഐ റാഫി, എ.എസ്.ഐ പളനിസാമി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പ്രദീപ് കുമാർ, സജി ചന്ദ്രൻ, സി.പി.ഒ സിംപ്സൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റു പ്രതികളായ രാകേഷ് മനു, രഞ്ജിഷ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.