ഷാർജയിൽ വൻ മയക്കുമരുന്നുവേട്ട 24 പേർ പിടിയിൽ
text_fieldsദുബൈ: ആസൂത്രിതമായ രണ്ട് ഓപറേഷനുകളിലൂടെ ഷാർജ പൊലീസ് വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. മയക്കുമരുന്നുകടത്തും വിൽപനയും നടത്തുന്ന 24 അംഗ മാഫിയസംഘത്തെ പിടികൂടിയ ഓപറേഷനിൽ 120 കി.ഗ്രാം ഹഷീഷും 30 ലക്ഷം ക്യാപ്റ്റഗൺ ഗുളികകളും കണ്ടെത്തിയിട്ടുമുണ്ട്. ഷാർജ പൊലീസ് ആന്റിനാർകോട്ടിക് വിഭാഗം ഡയറക്ടർ ലഫ്.
കേണൽ മാജിദ് അൽ അസ്സാമാണ് ഇക്കാര്യം അറിയിച്ചത്. രണ്ടു പ്രത്യേക സുരക്ഷാ ഓപറേഷനുകളിലൂടെ വലിയ സംഘത്തിന്റെ പ്രവർത്തനം തകർക്കാൻ സാധിച്ചതായി അദ്ദേഹം വ്യക്തമാക്കി. യു.എ.ഇയിലെ ഏറ്റവും വലിയ മയക്കുമരുന്നുവേട്ടക്കാണ് ഷാർജ പൊലീസ് നേതൃത്വം നൽകിയിരിക്കുന്നത്. യു.എ.ഇയിൽ വിതരണം ചെയ്യുന്നതിന് ഏഷ്യൻ വംശജരായ ഒരു സംഘം മയക്കുമരുന്ന് എത്തിച്ചതായ വിവരമാണ് ആദ്യഘട്ടത്തിൽ അധികൃതർക്ക് ലഭിച്ചത്.
ഇതിനെ തുടർന്ന് രാജ്യത്തിന് പുറത്തുള്ള വ്യക്തികളെ ഉൾപ്പെടുത്തി വിപുലമായ ഓപറേഷൻ ആസൂത്രണം ചെയ്തു. നിരന്തരം നിരീക്ഷിക്കുകയും സംഘത്തെ വിപുലമായ മയക്കുമരുന്ന് ശേഖരവുമായി പിടികൂടുന്നതിന് അവസരം കാത്തുനിൽക്കുകയുമായിരുന്നു പൊലീസ്. പിന്നീട് ദുബൈ പൊലീസും അജ്മാൻ പൊലീസും അടക്കമുള്ള സംയുക്ത ഫെഡറൽ സംഘത്തിന്റെ സഹകരണത്തിലും ഏകോപനത്തിലുമാണ് മുഴുവൻ പേരെയും പിടികൂടിയത്.
ഓരോരുത്തരെയും വിവിധ ഭാഗങ്ങളിൽനിന്നാണ് അറസ്റ്റ് ചെയ്തത്. വിദേശത്ത് താമസിക്കുന്നവരിൽനിന്നാണ് പ്രതികൾക്ക് നിർദേശം ലഭിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി അധികൃതർ പറഞ്ഞു. വിദേശത്തെ വ്യക്തിയുടെ നിർദേശമനുസരിച്ച് പ്രവർത്തിച്ച പ്രതികൾ, വിവിധ എമിറേറ്റുകളിൽ സൂക്ഷിച്ച മയക്കുമരുന്നും ഗുളികകളും വിതരണം ചെയ്യുകയായിരുന്നു. ദുബൈ പൊലീസ് സഹകരണത്തോടെ നടന്ന ഓപറേഷനിൽ ഷിപ്പിങ് കണ്ടെയ്നറുകളിലൊന്നിൽ സൂക്ഷിച്ച 30 ലക്ഷം ക്യാപ്റ്റഗൺ ഗുളികകളാണ് പിടികൂടിയത്. അജ്മാൻ പൊലീസുമായി സഹകരിച്ച് നടത്തിയ ഓപറേഷനിലാണ് 120 കി.ഗ്രാം ഹഷീഷ് കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.