ഷാരോൺ വധം: ഗ്രീഷ്മയുടെ അമ്മയും അമ്മാവനും അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോണിനെ കഷായത്തിൽ കീടനാശിനി കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ഗ്രീഷ്മ ആർ. നായരുടെ അമ്മയെയും അമ്മാവനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മയുടെ സഹോദരൻ നിർമൽ കുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിലും തെളിവ് നശിപ്പിച്ചതിലും ഇരുവർക്കും പങ്കുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് ഇന്നലെ ഇരുവരെയും പ്രതിചേർത്തിരുന്നു.
ഷാരോണിനു കുടിക്കാൻ നൽകിയ കഷായത്തിൽ കീടനാശിനി കലക്കാൻ ഗ്രീഷ്മയെ അമ്മ സഹായിച്ചെന്നാണ് പൊലീസ് പറയുന്നത്. ശേഷം, തെളിവ് നശിപ്പിക്കാൻ അമ്മാവനും കൂട്ടുനിന്നു. ഇന്നലെ നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് ഇരുവരുടെയും പങ്ക് പുറത്തുവന്നത്.
അതിനിടെ, ഗ്രീഷ്മക്കെതിരെ ആത്മഹത്യ ശ്രമത്തിന് നെടുമങ്ങാട് പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ വെച്ച് ഗ്രീഷ്മ ലൈസോള്‍ കുടിച്ച് ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. ഛര്‍ദിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയതിനാല്‍ അപകടനില തരണം ചെയ്യുകയായിരുന്നു. ആത്മഹത്യാ ശ്രമം നടത്തിയ ഗ്രീഷ്മയുടെ ആരോഗ്യ സ്ഥിതി നോക്കി ആശുപത്രി സെല്ലിലേക്കോ ജയിലിലേക്കോ മാറ്റും. ഗ്രീഷ്മയെ കസ്റ്റഡിയിൽ ലഭിക്കാനുള്ള അപേക്ഷ പൊലീസ് നെയ്യാറ്റിൻകര കോടതിയിൽ നൽകും.
അച്ഛനെയും മറ്റൊരു ബന്ധുവിനെയും ഒരു വട്ടം കൂടി ചോദ്യം ചെയ്യും. ഇവർക്കും തെളിവ് നശിപ്പിച്ചതിൽ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. 14ാം തീയതി ഗ്രീഷ്മയുടെ വീട്ടിൽ പോയ സമയം ഷാരോൺ രാജ് ധരിച്ച വസ്ത്രം കുടുംബം പൊലീസിന് കൈമാറും. ഇത് ഇന്നു തന്നെ ഫോറൻസിക് പരിശോധനക്ക് അയക്കും. ഷാരോണിന്‍റെ ഫോണും ശാസ്ത്രീയ പരിശോധനക്ക് അയക്കും. ആയിരത്തിലധികം വാട്ട്സ് ആപ്പ് ചാറ്റുകൾ കൈവശമുണ്ടെന്ന് ഷാരോണിന്‍റെ അച്ഛൻ ജയരാജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.